ജയ്പുര്‍: 2014-ല്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍കൂടി സ്റ്റേജില്‍നിന്നു പറയാന്‍ പ്രധാനമന്ത്രി മോദിക്കു കഴിയില്ലെന്നും പ്രധാനമന്ത്രിയുടെ മുഖംമൂടി വലിച്ചുകീറപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ മനസില്‍ എന്താണെന്നു പറയാന്‍ കഴിയില്ല എന്നായിരുന്നു പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് രാഹുല്‍ നല്കിയ മറുപടി. കോണ്‍ഗ്രസ് വളരെ അസംഘടിതമായ സംഘമാണെന്ന് രാഹുല്‍ തുറന്നുസമ്മതിച്ചു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം തൊഴിലാണ്. പിന്നെ സമ്പത്ത് വ്യവസ്ഥയും. പ്രധാനമന്ത്രി ഇതേക്കുറിച്ച് വായ തുറക്കാത്തത് പരിതാപകരമാണ്. അദ്ദേഹത്തെ പെട്ടിയിലടച്ചാല് പോലും അദ്ദേഹം ഈ വിഷയങ്ങളെക്കുറിച്ച് വായ തുറക്കില്ല – രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടി നേരത്തെ തന്നെ സ്വീകരിച്ചിരുന്നതാണെന്നും സസ്പെന്‍സ് എന്നു താന്‍ പറഞ്ഞ വാക്ക് പാലിക്കപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്ക വാരാണസിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അതു സസ്പെന്സാണണെന്നായിരുന്നു മുന്‍പ് രാഹുല്‍ മറുപടി പറഞ്ഞത്.
കാവല്ക്കാരന് കള്ളനാണ് പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയോട് ഒരിക്കലും മാപ്പുപറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. അഴിമതി വിരുദ്ധന്‍ എന്ന പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ന്നു കഴിഞ്ഞെന്നും മോദി പണം മോഷ്ടിച്ചെന്നും പറഞ്ഞ രാഹുല്‍, റഫാല്‍ കേസിലെ സുപ്രീംകോടതി ഉദ്ധരിച്ചതില്‍ തനിക്കു തെറ്റുപറ്റിയെന്നു തുറന്നുസമ്മതിച്ചു. ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിനും ബിജെപിക്കും എതിരായി മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നിലെ തന്ത്രവും രാഹുല്‍ തുറന്നുപറഞ്ഞു. അവിടെ ഒരു മതനിരപേക്ഷ കൂട്ടുകെട്ടാണ് വിജയിക്കാന്‍ പോകുന്നത്.
കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളല്ലാത്ത മേഖലകളില്‍ മഹാസഖ്യത്തിനു പിന്തുണ നല്‍കണമെന്ന് പ്രിയങ്ക ഗാന്ധിയോടും ജോതിരാദിത്യ സിന്ധ്യയോടും പറഞ്ഞിട്ടുണ്ട്. ബിജെപിക്ക് നഷ്ടമുണ്ടാക്കുക എന്നതു മാത്രമാണ് യുപിയിലെ ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി.ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്റെ കാരണവും രാഹുല്‍ വിശദീകരിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സഖ്യത്തിനു തയാറായിരുന്നു. അങ്ങനെ വന്നാല്‍ ഏഴു സീറ്റിലും വിജയിക്കാനും കഴിയും. എന്നാല്‍ അരവിന്ദ് കേജരിവാള്‍ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കൂടി ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. അത് തന്ത്രപരമായി ശരിയാകില്ല.
ഡല്‍ഹി നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ താന്‍ തയാറായിരുന്നെങ്കിലും പഞ്ചാബിലും ഹരിയാനയിലും താന്‍ അതിന് തയാറാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.ദേശീയ ടിവി ചാനലായ എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തിലാണ് രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ആദ്യമായാണ് ഒരു ടിവി ചാനലിന് അഭിമുഖം നല്‍കുന്നത്.