നിലമ്പൂർ: വയനാട് മണ്ഡലത്തിൽനിന്നുള്ള ലോക്സഭാംഗവും കോണ്ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഏഴിന് നിലമ്പൂരിലെത്തും. വയനാട് മണ്ഡലത്തിൽനിന്ന് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നു വോട്ടർമാർക്ക് നന്ദി പറയാനാണ് ഏഴ്, എട്ട് തീയതികളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഏഴു
നിയമസഭാ മണ്ഡലങ്ങളിലും രാഹുൽ നേരിട്ടെത്തി വോട്ടർമാരെ കാണുന്നത്.
ഏഴിന് ഉച്ചകഴിഞ്ഞു മൂന്നിനു വണ്ടൂർ മണ്ഡലത്തിലെ കാളികാവിലാണ് ആദ്യറോഡ് ഷോ. വണ്ടൂരിൽനിന്നാരംഭിക്കുന്ന റോഡ് ഷോ കാളികാവ് ടൗണ് ചുറ്റി പുല്ലങ്കോട് റോഡിൽ സമാപിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വണ്ടൂർ എംഎൽഎ എ.പി. അനിൽകുമാർ, ഡിസിസി പ്രസിഡന്റ വി.വി. പ്രകാശ് തുടങ്ങിയവർ റോഡ് ഷോയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുക്കും.
വൈകുന്നേരം നാലിനു നിലമ്പൂർ മണ്ഡലത്തിലെ റോഡ് ഷോ ചന്തക്കുന്നിൽനിന്നാരംഭിച്ചു ചെട്ടിയങ്ങാടി യുപി സ്കൂൾ പരിസരത്ത് സമാപിക്കും.മുതിർന്ന കോണ്ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും പങ്കെടുക്കും. അഞ്ചിന് ഏറനാട് മണ്ഡലത്തിലെ റോഡ് ഷോ കുണ്ടുതോട് നിന്നാരംഭിച്ച് എടവണ്ണ ടൗണിലും പീന്നീട് അരീക്കോട് ടൗണിലുമെത്തും. പി.കെ. ബഷീർ എംഎൽഎ രണ്ടു റോഡ് ഷോയിലും പങ്കെടുക്കും. തിരുവമ്പാടി മണ്ഡലത്തിലെ റോഡ് ഷോ മുക്കം ടൗണിലാണ്. റോഡ് ഷോകളിൽ ഘടകകക്ഷികളുടെ നേതാക്കളും ഒപ്പമുണ്ടാകും.
രണ്ടാംദിനമായ എട്ടിനു വയനാട് മണ്ഡലത്തിലെ റോഡ് ഷോകൾ ബത്തേരി, കൽപ്പറ്റ, മാനന്തവാടി എന്നിവിടങ്ങളിൽ നടക്കും. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ചരിത്ര സംഭവമാക്കാനുള്ള തയാറെടുപ്പുകളിലാണ് കെപിസിസിയും യുഡിഎഫ് ഘടകകക്ഷികളും. റോഡ് ഷോയിലൂടെ കൂടുതൽ ജനങ്ങൾക്കു രാഹുൽ ഗാന്ധിയെ കാണാൻ അവസരം ഒരുങ്ങും. വയനാട് മണ്ഡലം 4,30,000-ലേറെ വോട്ടുകളുടെ ഭൂരിപക്ഷം നൽകിയാണ് രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചത്. കൽപ്പറ്റ, മുക്കം, എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സ്വന്തം ഓഫീസുകൾ തുറക്കും.
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ല ഉൾപ്പെട്ട മണ്ഡലത്തിലായതിനാൽ നിലമ്പൂർ കേന്ദ്രീകരിച്ച് ഒരു എംപി ഓഫീസ് കൂടി തുറക്കണമെന്ന ആവശ്യവും ശക്തമാണ്.