ഗുവാഹത്തി : ആര്‍എസ്‌എസിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് സ്ത്രീവിരുദ്ധവും സ്ത്രീകളെ ദുര്‍ബലരുമാക്കുന്ന സംഘടനയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്‌എസ് നേതൃത്വത്തില്‍ ഏതെങ്കിലും വനിതകളെ കാണാന്‍ സാധിക്കില്ല. അവരുടെ തത്വചിന്ത സ്ത്രീകളെ പരിഗണിക്കാത്തതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ‘നിങ്ങള്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണുകയാണെങ്കില്‍ ഇടത്തും വലത്തും സ്ത്രീകളുണ്ടാകും. പക്ഷെ മോഹന്‍ ഭാഗവതിന്റെ ചിത്രത്തില്‍ അദ്ദേഹം എപ്പോഴും പുരുഷന്‍മാരുടെ ഇടയില്‍ നില്‍ക്കുന്നതായാണ് കാണുക. അവര്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നവരാണ്. സമൂഹത്തില്‍ ഭീതി പടര്‍ത്താതെ അവര്‍ക്ക് ഭരണത്തിലെത്താന്‍ സാധിക്കില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും അവരുടെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പങ്ക് രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടമുണ്ട്. അവര്‍ നയതീരുമാനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ ആര്‍എസ്‌എസ് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.