ന്യൂഡെല്‍ഹി : റാഫേല്‍ കരാറിനെതിരെ വന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിമാനങ്ങള്‍ വാങ്ങാന്‍ ചെലവായ തുക വെളിപ്പെടുത്താനാകില്ലെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഇത് തെളിയിക്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു. 36 വിമാനങ്ങള്‍ക്കായുളള കരാറിനെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ഇത് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യം ആണെന്നും ആയിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. മോദി നേരിട്ടെത്തിയാണ് യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ മാറ്റം വരുത്തിയതെന്ന് ചൂണ്ടികാട്ടിയ രാഹുല്‍ ചെലവായ തുക സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഒരു ബിസിനസുകാരനെ സഹായിക്കാനായി മോദി നേരിട്ട് പാരീസില്‍ പോയി റാഫേല്‍ ഇടപാടില്‍ മാറ്റം വരുത്തിയതായും രാഹുല്‍ ആരോപിച്ചു. ഇതുപുറത്ത് കൊണ്ടുവരാന്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി നട്ടെല്ലിന്റെ ശക്തികാട്ടണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.