ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി സര്‍ക്കാറിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്റ്റാഫ് സെലക്ഷന് കമ്മീഷന് അഴിമതി, വ്യാപം അഴിമതി, തൊഴിലില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. യുവാക്കളുടെ ഭാവി ഇരുട്ടിലാക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഉണ്ടാവുന്നത്. പണക്കാര്‍ക്ക് മാത്രമേ ഇപ്പോള്‍ ജോലി ലഭിക്കുന്നുള്ളു. യുവാക്കളുടെ ഭാവി വെച്ച് കളിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണം. വ്യാപം അഴിമതിയെ ദേശീയവല്ക്കരിക്കുകയാണ് സര്‍ക്കാര്‍. രണ്ട് കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് അവകാശപ്പെട്ടാണ് അവര്‍ അധികാരത്തിലെത്തിയത്. ഇതിനൊപ്പം കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ എസ്.എസ്.സിയിലെ വന്‍ അഴിമതി ഇവരുടെ മൂക്കിന് താഴെയാണ് നടന്നത്. ഇതുസംബന്ധിച്ച് വിശദീകരണം നല്കാന് സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് രാഹുല്‍ പറഞ്ഞു.