ന്യൂഡല്‍ഹി • കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കയറിയ വിമാനത്തിലെ പൈലറ്റുമാരുടെ ലൈസന്‍സ് കാണണമെന്ന് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗാര്‍ഡ്സ് (എസ്പിജി) ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കൂടാതെ, വിമാനത്തിലെ ഇന്ധനത്തിന്റെ അളവും ഗുണമേന്മയും സംഘം പരിശോധിച്ചു. സെപ്റ്റംബര്‍ 14ന് രാവിലെ 8.44ന് ഡല്‍ഹിയില്‍ നിന്നു വാരണാസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അസ്വഭാവിക സംഭവങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് വിമാനം 45 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.പൈലറ്റുമാരുടെ ലൈസന്‍സ് കാണിക്കാന്‍ എസ്പിജി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടുവെന്ന് വിമാന ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, വിമാനക്കമ്പനിയോട് ഇക്കാര്യം ആവശ്യപ്പെടാന്‍ പൈലറ്റുമാര്‍ അഭ്യര്‍ഥിക്കുകയായിരുന്നു.പിന്നീട് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ വിമാനം പരിശോധിച്ചു. ഇന്ധന സാംപിളുകള്‍ എടുക്കാനും എസ്പിജി നിര്‍ദേശിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ തയാറായില്ല.