ലക്നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി, സഹോദരിയും കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മക്കളായ റെയ്ഹാന്, മിറായ എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക നല്‍കിയത്.
14 വര്‍ഷമായി രാഹുല്‍ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ശക്തികേന്ദ്രമാണ് അമേഠി. രാഹുല്‍ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നതു സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ തുടരവെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. നേരത്തെ അദ്ദേഹം വയനാട്ടിലും പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി അമേഠിയുടെ ഭരണകേന്ദ്രമായ ഗൗരിഗഞ്ചില്‍ രാഹുല്‍ റോഡ് ഷോ നടത്തി.
ബിജെപിയുടെ സ്മൃതി ഇറാനിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും രാഹുലിനെതിരേ മത്സരിക്കുന്നത്. ഇവര്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ രാഹുലിനോടു പരാജയപ്പെട്ടെങ്കിലും 2019 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്മൃതി ഇറാനി തുടര്‍ച്ചയായി മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.