കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താളവത്തിലാണ് ഇരുവരും എത്തിയത്. ഇരുവരെയും കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.വയനാട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഇന്ന് കേരളത്തില്‍ എത്തിയത്.വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പണം. റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്.ആസാമില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് രാഹുല്‍ കരിപ്പൂരിലെത്തിയത്. കരിപ്പൂരില്‍നിന്നു രാഹുല്‍ കാര്‍ മാര്‍ഗം കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേക്കു പോകും. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.വ്യാഴാഴ്ച രാവിലെ കരിപ്പൂരിലേക്കു രാഹുല്‍ മടങ്ങിയെത്തും. അവിടെനിന്നും രാഹുല്‍ ഗാന്ധി രാവിലെ ഒന്‍പതരയോടെ ഹെലികോപ്ടറില്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. പ്രിയങ്കഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും. 9.45നു പഴയ സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് റോഡ്ഷോ ആരംഭിക്കുന്നത്. സിവില്സ്റ്റേഷന് പരിസരത്തേക്കു നടത്തുന്ന ഷോയില്‍ കാനറ ബാങ്കിനു സമീപത്തുനിന്നു രാഹുല്‍ ചേരും.റോഡ്ഷോ സമാപിച്ചശേഷം 11.30 ഓടെയായിരിക്കും പത്രികാസമര്‍പ്പണം. ഈ സമയം രാഹുലിനൊപ്പം ആരൊക്കെ ഉണ്ടാകുമെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയില്ല. ഒരുക്കം വിലയിരുത്തുന്നതിനു എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി. വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ന് കല്‍പ്പറ്റയിലെത്തിയിരുന്നു.