ന്യൂഡല്‍ഹി: . ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന്, ചിന്തകന്‍ താരിഖ് അലി എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകവെയാണ് ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ നയങ്ങളെ നിരന്തരം എതിര്‍ക്കുന്ന ഏക നേതാവ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ് പറയുന്നത് .
രാജ്യത്ത് സാന്പത്തിക തകര്‍ച്ച അങ്ങേയറ്റത്താണ്. അതില്‍ നിന്ന് തിരിച്ചു വരുമെന്ന പ്രതീക്ഷയില്ല. രാജ്യത്ത് ഇപ്പോള്‍ പലായനമാണ് നടക്കുന്നത്. ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുകയാണെന്നും ന്ധസ്റ്റോപ് ദി വാര് കോയലേഷ’ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കോറോണ വൈറസ്, വാര്, എംപയര്‍ എന്ന പരിപാടിയില്‍ അരുന്ധതി കുറ്റപ്പെടുത്തി.
രണ്ട് കാര്യങ്ങളാണു മോദി സര്‍ക്കാര്‍ ചെയ്തത്. ഒന്ന് അവര്‍ സ്വകാര്യവത്കരണം ശക്തമാക്കി. പ്രകൃതി വിഭവങ്ങള്‍ മുഴുവന്‍ സ്വകാര്യവത്കരിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമാക്കി. ദളിതരെയും മറ്റും വിദ്യാഭ്യാസ മേഖലയില്‍നിന്ന് മാറ്റിനിര്‍ത്തി. ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്തവരാണ് വലിയ വിഭാഗമെന്നും അരുന്ധതി ചൂണ്ടിക്കാട്ടി.
ജനുവരിയില്‍ ഇന്ത്യയില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ നേരിടുന്നതിനാണ് സര്‍ക്കാര്‍ അന്നു പ്രാധാന്യം നല്‍കിയത്. കേരളം പോലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴത്തെ പ്രതിസന്ധി മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
കോവിഡിന്റെ ദുരന്തത്തില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. വര്‍ഗീയ വിഭജനം തീവ്രമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇന്ത്യയില്‍ മോദിയുടെ നയങ്ങളെ നിരന്തരം എതിര്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ അദ്ദേഹത്തിന് കാര്യമായ പിന്തുണ കിട്ടുന്നില്ല. മറ്റുള്ളവരെല്ലാം സംസ്ഥാന പാര്‍ട്ടികളാണ്. അവര്‍ക്കെന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥയിലാണെന്നും അരുന്ധതി റോയ് പറഞ്ഞു.