കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി രാവിലെ ഹെലികോപ്റ്ററില്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കഗാന്ധിയും ഒപ്പമുണ്ടാകും. 9.45നു പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു റോഡ്ഷോ ആരംഭിക്കും. സിവില്സ്റ്റേഷന് പരിസരത്തേക്കു നടത്തുന്ന ഷോയില്‍ കനറ ബാങ്കിനു സമീപത്തുനിന്നു രാഹുല്‍ ചേരും. റോഡ്ഷോ സമാപിച്ചശേഷം പതിനൊന്നരയോടെയായിരിക്കും പത്രികാസമര്‍പ്പണം. ഈ സമയം രാഹുലിനൊപ്പം ആരൊക്കെ ഉണ്ടാകുമെന്നു കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയില്ല.
രാഹുല്‍ എത്തുന്ന സാഹചര്യത്തില്‍ നഗരം ഇന്നലെ രാത്രി മുതല്‍ പോലീസ് വലയത്തിലായി. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലും ജില്ലാ പോലീസ് മേധാവി ആര്. കറുപ്പസ്വാമിയുടെ മേല്‍നോട്ടത്തിലുമാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ഇതിന്റെ വിശദാംശങ്ങള്‍ ജില്ലാ പോലീസ് വെളിപ്പെടുത്തിയില്ല. കര്‍ണാടക, തമിഴ്നാട് സംസ്ഥാന അതിര്‍ത്തികളിലടക്കം ചെക്പോസ്റ്റുകളിലും വനമേഖലയിലും പോലീസ് വാഹന പരിശോധന നടത്തുന്നുണ്ട്.
സുരക്ഷാനടപടികളുടെ ഭാഗമായി കൈനാട്ടി ബൈപാസ് ജംഗ്ഷന് മുതല്‍ ഗൂഡലായി ജംഗ്ഷന് വരെ വ്യാഴാഴ്ച രാത്രി വാഹന പാര്‍ക്കിംഗ് തടഞ്ഞു. ഇന്നു രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ച് തിരികെ പോകുന്നതു വരെ കൈനാട്ടി ബൈപാസ് ജംഗ്ഷന് മുതല്‍ ഗൂഡലായി ജംഗ്ഷന് വരെ ഒരു വാഹനവും അനുവദിക്കില്ല. രാഹുല്‍ ഗാന്ധി റോഡ്ഷോ നടത്തുന്ന സാഹചര്യത്തില്‍ പഴയ സ്റ്റാന്‍ഡ് പരിസരം മുതല്‍ കളക്ടറേറ്റ് വരെ റോഡിന്റെ ഒരുവശത്തു പോലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഇന്നലെ പരീക്ഷണപ്പറക്കല്‍ നടത്തി.
രാഹുല്‍ ഗാന്ധി രണ്ടാം തവണയാണ് വയനാട്ടില്‍ എത്തുന്നത്. 2011ല്‍ മാനന്തവാടി നിയമസഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് അദ്ദേഹം വന്നിരുന്നു. ആദ്യമായാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധി എത്തുന്നത്.