വയനാട്ടിലെ രാത്രിയാത്രാ നിരോധനപ്രശ്നത്തില്‍ ഇടപെടും – രാഹുല്‍ ഗാന്ധി

128

ന്യൂഡല്‍ഹി: ലോക്‌സഭാസമ്മേളനം കഴിഞ്ഞ്, ഓഗസ്റ്റില്‍ വയനാട് മണ്ഡലം സന്ദര്‍ശിക്കുമെന്നും വയനാട്ടിലെ രാത്രിയാത്രാ നിരോധനപ്രശ്നത്തില്‍ ഇടപെടുമെന്നും മണ്ഡലത്തില്‍നിന്നെത്തിയ മുപ്പതംഗ പ്രതിനിധിസംഘത്തിനു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്. രാഹുല്‍ ഗാന്ധി. മണ്ഡലത്തിന്റെ വികസനകാര്യം ചര്‍ച്ചചെയ്യാന്‍ വിളിപ്പിച്ചതനുസരിച്ചാണു നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്.

രാത്രിയാത്രാനിരോധനം കാരണം ജനങ്ങള്‍ക്കുള്ള പ്രശ്നം പരിഹരിക്കാന്‍ കേരളത്തിലെയും കര്‍ണാടകത്തിലെയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. നിലവില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ബദല്‍മാര്‍ഗങ്ങളുടെ പ്രായോഗികവശങ്ങള്‍ പരിശോധിക്കും. ഉചിതമായ പരിഹാരം കണ്ടെത്തി നടപ്പാക്കാന്‍ ശ്രമിക്കും. നിരോധനമുള്ള പ്രദേശം സന്ദര്‍ശിച്ച്‌ ഇക്കാര്യം പഠിക്കുമെന്നു രാഹുല്‍ പറഞ്ഞു.

വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും തോട്ടംമേഖലയിലെ പ്രതിസന്ധിയും സര്‍ഫാസി നിയമവുമായി ബന്ധപ്പെട്ട ദുരിതങ്ങളും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിലമ്ബൂര്‍- നഞ്ചന്‍കോട് റെയില്‍വേ ലൈന്‍, വയനാട്ടിലെ വിനോദസഞ്ചാര വികസനം എന്നീ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. വിനോദസഞ്ചാര ഭൂപടത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യം വയനാട്ടിനു കിട്ടിയിട്ടില്ലെന്നു പ്രതിനിധികള്‍ രാഹുലിനോടു പറഞ്ഞു. രണ്ടുമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ആരും വ്യക്തിപരമായ ആവശ്യങ്ങളൊന്നും ഉന്നയിക്കാത്തതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

വെള്ളിയാഴ്ചരാവിലെ പതിനൊന്നിനാണു യോഗം തുടങ്ങിയത്. വയനാട്ടിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ പ്രതിനിധികളെ ഒന്നിച്ചും വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറത്തെ നിലമ്ബൂര്‍, വണ്ടൂര്‍, ഏറനാട്, കോഴിക്കോട്ടെ തിരുവമ്ബാടി നിയമസഭാ മണ്ഡലങ്ങളിലെ പ്രതിനിധികളെ പ്രത്യേകമായും രാഹുല്‍ കണ്ടു.

ഓരോമണ്ഡലത്തിലെയും തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരും പ്രധാന നേതാക്കളുമാണ് ഡല്‍ഹിയിലെത്തിയത്. മണ്ഡലത്തിലെ കാര്യങ്ങള്‍ മാസത്തിലൊരുതവണ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അടിയന്തരമായി ഇടപെടേണ്ടവ പെട്ടെന്നറിയിക്കണമെന്നും നിര്‍ദേശിച്ചു. പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ടവ, വികസന പ്രശ്നങ്ങള്‍ എന്നിവ പ്രത്യേകം നല്‍കണമെന്നും പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ കമ്മിറ്റികളിലേക്കു പ്രതിനിധികളെ തീരുമാനിക്കാനും കല്‍പ്പറ്റയിലും മുക്കത്തും എം.പി. ഓഫീസ് തുടങ്ങാനുമുള്ള ചര്‍ച്ചകളും തുടങ്ങി.

ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, ഐ.സി. ബാലകൃഷ്ണന്‍, പി.കെ. ബഷീര്‍, ടി. സിദ്ദിഖ്, വി.വി. പ്രകാശ്, എന്‍. സുബ്രഹ്മണ്യന്‍, ഇ. മുഹമ്മദ് കുഞ്ഞി, പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലെത്തിയത്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്കും ചര്‍ച്ചയില്‍ പങ്കെടുത്തു.

NO COMMENTS