ദുബായ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച രാത്രി ദുബായിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദുബായ് ഭരണാധികാരി ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന് സന്ദര്‍ശനം ഉപകരിക്കട്ടെ എന്ന് രണ്ടു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച വ്യവസായ മേഖലയായ ജബല്‍ അലിയില്‍ രാഹുല്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തു.ഞാന്‍ വന്നത് മന്‍കീ ബാത്ത് പറയാനല്ലെന്നും നിങ്ങളെ മനസു തുറന്ന് കേള്‍ക്കാനാണെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളെ സഹായിക്കാന്‍ ഞാനും എന്റെ പ്രസ്ഥാനവുമുണ്ടാവും.
രാജ്യത്ത് പോര്‍മുഖം തുറന്നു കഴിഞ്ഞു. നിങ്ങളെല്ലാം ഒപ്പം വേണം. നാം വിജയിക്കാന്‍ പോവുകയാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പതിനായിരക്കണക്കിന് തൊഴിലാളികളാണ് രാഹുലിനെ കാണാന്‍ ജബല്‍ അലിയില്‍ എത്തിയത്.
ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. സാം പിത്രോഡ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരും രാഹുലിനൊപ്പം വേദി പങ്കിട്ടു. വ്യാഴാഴ്ച വൈകീട്ടാണ് രാഹുല്‍ യുഎഇയില്‍ എത്തിയത്. ഇന്ത്യന്‍ സ്ഥാനപതി ഡോ.നവ്ദീപ് സിംഗ് സുരി, ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസുഫലി, ഫിനേബ്ലര്‍ മേധാവി ഡോ.ബി.ആര്. ഷെട്ടി, അമാനത്ത് ഹോള്‍ഡിംഗ്സ് മേധാവി ഡോ. ശംസീര്‍ വയലില്‍, ആസ്റ്റര്‍ മിംസ് ചെയര്മാന് ഡോ. ആസാദ് മൂപ്പന് തുടങ്ങിയ പ്രമുഖരുമായി അദ്ദേഹം ആശയ വിനിമയം നടത്തി.