ന്യൂഡല്‍ഹി: രണ്ടാഴ്ച നീണ്ടു നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആ നിര്‍ണായ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും. ഡല്‍ഹിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്സിംഗ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
ഞായറാഴ്ച രാവിലെ രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് തീരുമാനം അറിയിച്ചത്. ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യം രാഹുല്‍ അംഗീകരിക്കുകയായിരുന്നുവെന്ന് ആന്റണി പറഞ്ഞു.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ ആകെ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഇടതുപക്ഷത്തിനോടുള്ള മത്സരമല്ല. മോദിയുടെ വിഭജന രാഷ്ട്രീയത്തിനെതിരേയാണ് കോണ്‍ഗ്രസിന്റെ പോരാട്ടമെന്നും നേതാക്കള്‍ പറഞ്ഞു.
ദക്ഷിണേന്ത്യയില്നിന്നുകൂടി താന്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വേഗം തീരുമാനമെടുക്കണമെന്നു മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് തീരുമാനം ഉണ്ടായത്.