തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനു മായ എം.കെ സ്റ്റാലിന്‍റെ ആത്മകഥയായ ഉങ്കളില്‍ ഒരുവന്‍’ (നിങ്ങളില്‍ ഒരാള്‍) എന്ന പുസ്തകം ഈ മാസം 28ന് ചെന്നൈ നന്ദപാക്കം ട്രേഡ് സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി പ്രകാശനം ചെയ്യും.
ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബിഹാര്‍ നിയമസഭ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് എന്നിവര്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ഡി.എം.കെ. മുതിര്‍ന്നനേതാവും മന്ത്രിയുമായ എസ്. ദുരൈമുരുകന്‍ അധ്യക്ഷനാകും. നടന്‍ സത്യരാജ് പുസ്തകം പരിചയപ്പെടുത്തും. കവി വൈരമുത്തുവും ചടങ്ങില്‍ പങ്കെടുക്കും.
1976 വരെയുള്ള തന്‍റെ ജീവിതത്തിലെ ആദ്യ 23 വര്‍ഷങ്ങളാണ് ആത്മകഥയുടെ ഒന്നാം വാല്യത്തില്‍ പരാമര്‍ശിക്കുന്നതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയായിരിക്കെയുള്ള തന്‍റെ രാഷ്ട്രീയപ്രവേശനം മുതല്‍ പെരിയാര്‍, അണ്ണാദുരൈ, പിതാവ് കരുണാനിധി എന്നിവരിലൂടെയുള്ള തന്റെ വളര്‍ച്ചയും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ദ്രാവിഡപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളായ പെരിയാര്‍, അണ്ണാദുരൈ, കരുണാനിധി തുടങ്ങിയവര്‍ നടത്തിയ ജനകീയസമരങ്ങള്‍, ഡി.എം.കെ. ഉദയം, വളര്‍ച്ച തുടങ്ങിയ കാര്യങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
നമ്മുടെ നേതാക്കള്‍ നടത്തിയ പോരാട്ടങ്ങളെ കുറിച്ച് ഓര്‍ക്കുമ്ബോള്‍ എനിക്ക് അഭിമാനമുണ്ട്. അവരുടെ നയങ്ങളാണ് പാര്‍ട്ടി ഇന്നത്തേ നിലയിലേക്ക് വളരാന്‍ കാരണമായതെന്ന് തിരുനെല്‍വേലിയെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റാലിന്‍ പറഞ്ഞു.
ദ്രാവിഡ മുന്നേറ്റ കഴകം യുവജന വിഭാഗത്തെ സംഘടിപ്പിച്ചുക്കൊണ്ടായിരുന്നു തുടക്കം. 1989-ല്‍ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെനിന്നുള്ള യാത്രയില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രിപദവിയും സ്റ്റാലിനെ തേടിയെത്തി 1953 മാര്‍ച്ച് ഒന്നിനാണ് സ്റ്റാലിന്റെ ജനനം. റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ കടുത്ത ആരാധകനായിരുന്ന കരുണാനിധി മകന് സ്റ്റാലിന്‍ എന്നു പേരിടുകയായിരുന്നു.
ചെത്‌പെട്ടിലെ എം.സി.സി. സ്കൂളിലും റോയപ്പെട്ടയിലെ ന്യൂകോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ സ്റ്റാലിന്‍ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് ദ്രാവിഡരാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു.