ന്യൂഡല്‍ഹി: രാഹുല്‍ സ്ത്രീകള്‍ക്കെതിരാണെന്ന് കരുതുന്നില്ലെന്നു പറഞ്ഞ പ്രകാശ് രാജ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുലെന്ന് ഓര്‍ക്കണമെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുകയും, രാഹുലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും പറഞ്ഞു. എന്തിനാണ് രാഹുലിന്റെ വാക്കുകളെ ഒരു രീതിയില്‍ മാത്രം നോക്കി കാണുന്നതെന്നും അദ്ദേഹം ചോദിച്ചു. റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയാതിരുന്നതാണ് വിമര്‍ശനത്തിനിടയാക്കിയതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
റഫാലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ മാറി നിന്ന പ്രധാനമന്ത്രി, പകരം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ അയച്ചതിനെ പരിഹസിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. രാജസ്ഥാനില്‍ നടന്ന കര്‍ഷക റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.