രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം അനിശ‌്ചിതത്വത്തിലാക്കിയ യു ഡി എഫ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട‌് പൊട്ടിത്തറിയിലേക്ക‌്

196

രാഹുലിന്റെ പേര‌് വലിച്ചിട്ട‌് സ്ഥാനാര്‍ഥിത്വം അനിശ‌്ചിതത്വത്തിലാക്കിയ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട‌് വയനാട്ടിലെ യുഡിഎഫിനെ പൊട്ടിത്തറിയിലേക്ക‌് നയിക്കുന്നു. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഭാരവാഹികളെപോലും നിശ്‌ചയിക്കാനാവാതെ മാനന്തവാടി, ബത്തേരി മണ്ഡലം കണ്‍വന്‍ഷനുകള്‍ അലങ്കോലമായി. കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ വഴക്ക്‌മുതല്‍ സ്ഥാനാര്‍ഥിത്വം വരെയുള്ള കാരണങ്ങളാണ‌് പ്രശ‌്നങ്ങള്‍ക്ക‌് പിന്നില്‍. കോണ്‍ഗ്രസ‌് ഗ്രൂപ്പ്‌ പോരില്‍ മുസ്ലിംലീഗ്‌ കൂടി കക്ഷിചേര്‍ന്നതോടെ സാഹചര്യങ്ങള്‍ സങ്കീര്‍ണമായി. തെരഞ്ഞെടുപ്പ‌് പ്രവര്‍ത്തനം തടസപ്പെടുത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരില്‍ അമര്‍ഷം ശക്തമാണ‌്. രാഹുല്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇനി യുഡിഎഫിന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം ദുഷ്‌കരമാകും.

എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി പി പി സുനീറിന്റെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്‌ കടന്നതോടെ യുഡിഎഫ്‌ ക്യാമ്ബുകള്‍ അങ്കലാപ്പിലാണ‌്. ഇനി എല്‍ഡിഎഫിനൊപ്പം ഓടിയെത്താനാവില്ല. നേതാക്കള്‍ ഊതിവീര്‍പ്പിച്ച കണക്കല്ല‌ യഥാര്‍ഥത്തില്‍ മണ്ഡലത്തിലുള്ളതെന്ന‌് അണികള്‍ക്കറിയാം. 20870 വോട്ടാണ‌് 2014ല്‍ എം ഐ ഷാനവാസിന‌് ലഭിച്ച ഭൂരിപക്ഷം. ലോക‌്സഭാ മണ്ഡലത്തെ സംബന്ധിച്ച‌് ഇത‌് വലിയ ഭൂരിപക്ഷമല്ല.

ആഴ്‌ചകള്‍ നീണ്ട തര്‍ക്കത്തിനുശേഷമാണ്‌ ഐ ഗ്രൂപ്പിനെ വെട്ടി എ ഗ്രൂപ്പുകാരനും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ‌്തനുമായ ടി സിദ്ദിഖ്‌ സ്ഥാനാര്‍ഥിയാകാന്‍ ചുരം കയറിയത‌്. പ്രചാരണത്തിന്‌ ഒരുദിവസം മാത്രമേ ആയുസുണ്ടായുള്ളൂ. ഇനി ആര്‌ മത്സരിച്ചാലും പ്രചാരണത്തിനിറങ്ങില്ലെന്ന തീരുമാനത്തിലാണ്‌ ബഹുഭൂരിഭാഗം പ്രവര്‍ത്തകരും. രാഹുല്‍ മത്സരിച്ചില്ലെങ്കിലും ടി സിദ്ദിഖിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന തീരുമാനത്തിലാണ്‌ ഐ ഗ്രൂപ്പ‌്. സിദ്ദിഖ്‌ സ്ഥാനാര്‍ഥിയായി വന്ന ദിവസം തന്നെ ഐ ഗ്രൂപ്പ്‌ രഹസ്യയോഗം ചേര്‍ന്ന്‌ സിദ്ദിഖിനായി പ്രവര്‍ത്തിക്കില്ലെന്ന്‌ തീരുമാനിച്ചിരുന്നു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ വലിയ ആവേശത്തോടെയാണ്‌ ഐ വിഭാഗം സ്വീകരിച്ചത്‌.

രാഹുല്‍ മത്സരിക്കുന്നതിനേക്കാള്‍ സിദ്ദിഖ്‌ ഒഴിവാകുന്നതിലായിരുന്നു ഇവരുടെ സന്തോഷം. മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രചാരണം ശക്തമായപ്പോഴും ഗ്രൂപ്പ്‌ പോരിന്‌ ശമനമുണ്ടായില്ല. ആര്യാടന്‍ മുഹമ്മദ്‌, എ പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത മാനന്തവാടി മണ്ഡലം കണ്‍വന്‍ഷന്‍ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിക്കാനാവാതെ പിരിഞ്ഞു. ഭാരവാഹികളെ നിശ‌്ചയിക്കുന്നതിലെ തര്‍ക്കമാണ്‌ കണ്‍വന്‍ഷന്‍ അലങ്കോലമാക്കിയത്‌.

ബത്തേരിയിലും സമാന സാഹചര്യമായിരുന്നു. മുസ്ലിംലീഗും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തോടൊപ്പം ചേര്‍ന്നു. പനമരത്തെ ലീഗ്‌, കോണ്‍ഗ്രസ്‌ പ്രശ്‌നം പരിഹരിക്കാന്‍ ലീഗ്‌ നേതൃത്വം മുന്‍കൈയെടുത്ത്‌ വിളിച്ചുചേര്‍ത്ത ഉഭയകക്ഷി ചര്‍ച്ച കൈയാങ്കളിയിലാണ്‌ അവസാനിച്ചത്‌. മുന്‍ ഡിസിസി പ്രസിഡന്റ്‌ മര്‍ദനമേല്‍ക്കാതെ തലനാരിഴയ‌്ക്കാണ‌് രക്ഷപ്പെട്ടത‌്.

വയനാട‌് മണ്ഡലത്തില്‍ യുഡിഎഫ‌് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതില്‍ മുസ്ലിംലീഗിലും കോണ്‍ഗ്രസിലും കടുത്ത അതൃപ‌്തി. പാണക്കാട്ട‌് ചേര്‍ന്ന ലീഗ‌് നേതൃയോഗത്തില്‍ ഇതുസംബന്ധിച്ച അതൃപ‌്തി മറനീക്കി പുറത്തുവന്നു.അനന്തമായ കാത്തിരിപ്പ‌് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന‌് മലപ്പുറം ഡിസിസി പ്രസിഡന്റ‌് വി വി പ്രകാശ‌് പറഞ്ഞു. എത്രയും പെട്ടെന്ന‌് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകണം. രാഹുല്‍ ഗാന്ധി തന്നെ വയനാട്ടിലെത്തണം. ആവേശത്തിന്റെ കൊടുമുടിയില്‍നിന്ന‌് വീഴ‌്ചയുണ്ടായാല്‍ വലിയ പ്രത്യാഘാതങ്ങളാവും ഉണ്ടാവുക. -സ്ഥാനാര്‍ഥി വിഷയത്തില്‍ തീരുമാനം ഉടന്‍ വേണമെന്ന‌് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

വയനാട‌് ലോക‌്സഭാ മണ്ഡലത്തില്‍ യുഡിഎഫ‌് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതില്‍ അണികള്‍ നിരാശരാണെന്ന‌് വയനാട‌് ഡിസിസി പ്രസിഡന്റ‌് ഐ സി ബാലകൃഷ‌്ണന്‍ പറഞ്ഞു. അണികളില്‍ പ്രതിഷേധവുമുണ്ട‌്. രാഹുല്‍ ഗാന്ധി വരുമെന്നാണ‌് പ്രതീക്ഷിക്കുന്നത‌്. തീരുമാനം മറിച്ചാണെങ്കില്‍ കേരളത്തെ അത‌് ബാധിക്കും. ഈ വിവരം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബാലകൃഷ‌്ണന്‍ മാധ്യമങ്ങളോട‌് പറഞ്ഞു.

NO COMMENTS