തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പാളം അറ്റകുറ്റപ്പണികള്‍ക്കായി 21 സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്ന വേഗനിയന്ത്രണം പിന്‍വലിച്ചു

217

കൊച്ചി • തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പാളം അറ്റകുറ്റപ്പണികള്‍ക്കായി 21 സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്ന വേഗനിയന്ത്രണം പിന്‍വലിച്ചു. 31 സ്ഥലത്താണു നിയന്ത്രണം ഉണ്ടായിരുന്നത്. പുതിയതായി ആറിടത്തു വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ 16 സ്ഥലത്തു നിയന്ത്രണം തുടരുകയാണ്. ട്രെയിനുകളുടെ വൈകിയോട്ടം ഡിവിഷനില്‍ ഒരു പരിധിവരെ കുറഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ഇന്നലെ ദീര്‍ഘദൂര ട്രെയിനുകള്‍ കാര്യമായി വൈകിയില്ല. അതേസമയം, കറുകുറ്റി അപകടം സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസമിതി റെയില്‍വേ ബോര്‍ഡിനു സമര്‍പ്പിച്ചു. വിശദമായ തെളിവെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥരെ ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്കു വിളിപ്പിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണികള്‍ക്കായി അടിയന്തരമായി എത്തിച്ച പുതിയ പാളങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ ഇറക്കിയിട്ടുണ്ട്. പണികള്‍ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി പറഞ്ഞു.
50 ശതമാനം വേഗനിയന്ത്രണം ഒഴിവാക്കി. റെയില്‍വേ ബോര്‍ഡ് നിര്‍ദേശപ്രകാരം സുരക്ഷാപരിശോധന നടക്കുന്നതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പുതുതായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്നുദിവസത്തെ ട്രെയിനുകളുടെ ഓട്ടം പരിശോധിച്ചതില്‍ വൈകിയോട്ടം കുറഞ്ഞിട്ടുണ്ടെന്നു കണ്ടതായും അദ്ദേഹം പറഞ്ഞു. കുറുപ്പന്തറ – പിറവം റോഡ് രണ്ടാം പാതയുടെ കമ്മിഷനിങ് ഓണത്തിനുശേഷം ഉണ്ടാകും.

NO COMMENTS

LEAVE A REPLY