ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകത്തില്‍ സംഘര്‍ഷം വ്യാപിച്ചതോടെ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ റെയില്‍വേയുടെ സഹായം തേടി. റോഡ് മാര്‍ഗം വാഹനഗതാഗതം വെല്ലുവിളിയായതോടെ മലയാളികളെ നാട്ടിലെത്തിക്കാന്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാമെന്ന് റെയില്‍വെ അറിയിച്ചതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മാതൃഭൂമി ഓണ്‍ലൈനോടെ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതലുള്ള ട്രെയിനുകളിലാണ് രണ്ടോ മൂന്നോ കോച്ചുകള്‍ വീതമാണ് അധികമായി അനുവദിച്ചത്.കേരളത്തിലേക്കുള്ള ബസ്സുകളില്‍ ബുക്ക് ചെയ്തിരുന്ന നൂറുകണക്കിന് ആളുകളാണ് കര്‍ണാടകത്തില്‍ കുടുങ്ങിപ്പോയത്.സ്വകാര്യ ബസ് ഗ്രൂപ്പായ കെ.പി.എന്നിന്റെ 20 ലധികം ബസ്സുകള്‍ കത്തിച്ചതോടെ മറ്റ് സ്വകാര്യ ബസ്സുകളും സര്‍വീസ് നിര്‍ത്തിവെച്ചു. കര്‍ണാടകത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സുകളും സര്‍വീസ് നിര്‍ത്തി.