റെയില്‍വേ പരിസരങ്ങളില്‍ തുപ്പരുത് – മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക – വീഴ്ച വരുത്തിയാൽ 500 രൂപ പിഴ

31

ന്യൂഡല്‍ഹി: രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യാത്രക്കാര്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേ പരിസരങ്ങളില്‍ തുപ്പരുതെന്നും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. 2012ലെ ഇന്ത്യന്‍ റെയില്‍വേയ്‌സ് ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിക്കുക.

ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ്മ ഈ വാര്‍ത്തകള്‍ നിരസിച്ചു. യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നും പകരം കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ പാചകം ചെയ്ത ഭക്ഷണ വിതരണം റെയില്‍വേ നിര്‍ത്തലാക്കിയിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ലക്ഷത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.

NO COMMENTS