കോട്ടയം: തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ ഇത്തവണ കേരളത്തെ കാത്തിരിക്കുന്നതു കൊടുംവരള്‍ച്ച. സമീപകാലത്തെ ഏറ്റവും വലിയ മഴക്കുറവ് സംസ്ഥാനം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണു വിദഗ്ധര്‍ വരള്‍ച്ചാ മുന്നറിയിപ്പുനല്‍കുന്നത്. കാലവര്‍ഷം പതിവു സമയത്തെത്തി മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ സജീവമായി പെയ്യുമെന്നായിരുന്നു ഇത്തവണ കാലാവസ്ഥാ ഗവേഷകരുടെ പ്രവചനം. എന്നാല്‍, അതു പാടേ തിരുത്തി മഴ കുറഞ്ഞെന്നു മാത്രമല്ല, ഒരു ജില്ലയില്‍ പോലും ആവശ്യത്തിനു മഴ ലഭിച്ചുമില്ല.
ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷം. കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ ഈ മാസം ഏഴു വരെ കാലാവസ്ഥാ നിരീക്ഷണവിഭാഗത്തിന്‍റെ കണക്കനുസരിച്ചു സംസ്ഥാനത്തു മഴയില്‍ 30 ശതമാനത്തിന്‍റെ കുറവാണുണ്ടായിരിക്കുന്നത്.കഴിഞ്ഞ ഏഴു വരെ 184.7 സെന്‍റീ മീറ്റര്‍ മഴയെങ്കിലും ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 128.5 സെന്‍റീ മീറ്റര്‍മാത്രം മഴ.