തിരുവനന്തപുരം: തുലാവര്‍ഷമെത്തിയതോടെ കേരളത്തില്‍ പലയിടങ്ങളിലും ഞായറാഴ്ച കനത്ത മഴ പെയ്തു. നവംബര്‍ രണ്ടുവരെ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴുസെന്റിമീറ്റര്‍ മുതല്‍ 11 സെന്റിമീറ്റര്‍ വരെ പലയിടങ്ങളിലും മഴ ലഭിച്ചേക്കാം. ഞായറാഴ്ച തമിഴ്നാട്ടിലും ആന്ധ്രാതീരത്തും തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലെത്തിയതായുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ചയുണ്ടാകും.തുലാവര്‍ഷം സാധാരണതോതില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെങ്കിലും കേരളത്തില്‍ കുറവായിരിക്കുമെന്നാണ് സൂചന. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) രാജ്യത്ത് സാധാരണതോതില്‍ ലഭിച്ചപ്പോള്‍ കേരളത്തില്‍ 34 ശതമാനം കുറവുണ്ടായി. രാജ്യത്ത് പ്രതീക്ഷിച്ചതിലും ഏറ്റവും കുറവ് എടവപ്പാതി ലഭിച്ചത് കേരളത്തിലാണ്. തുലാവര്‍ഷവും പ്രതീക്ഷിച്ചതോതില്‍ ലഭിച്ചില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകും.