തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പാറശാലയില്‍ സ്കൂള്‍ കലോത്സവം നടക്കുന്ന വേദി കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു. കുട്ടികള്‍ എത്തുന്നതിന് മുമ്ബ് അപകടമുണ്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. കനത്ത മഴയെത്തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ സ്കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയിട്ടുണ്ട്. വിതുര അമ്പൂരിയില്‍ വനത്തിനുള്ളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന പതിനാറോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. വീടുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിതുരയില്‍ വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പൊന്‍മുടിയിലും കല്ലാറിലും ശക്തമായ മഴയാണ്.