അബൂദബി: വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സാമൂഹിക അവബോധം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി പൊലീസ് ഒരു മാസത്തെ ബോധവത്കരണ കാമ്ബയിന് ആരംഭിച്ചു. സൈബര്‍ വഞ്ചന, കൊള്ള, ഭീഷണിപ്പെടുത്തല്‍, ഭിക്ഷാടനം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായി അബൂദബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി ചൂണ്ടിക്കാട്ടി.
കുട്ടികളെ സൈബര്‍ കൊള്ളയില്‍ നിന്ന് നിരീക്ഷിക്കാനും പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് തടയാനും പ്രത്യേകം ശ്രദ്ധിക്കുന്നു. സൗഹൃദത്തിലൂടെയും ചിത്രങ്ങളിലൂടെയും അവരെ ആകര്‍ഷിക്കാനും തുടര്‍ന്ന് സോഷ്യല്‍ മീഡിയകളിലൂടെ ലൈംഗികപരമായും സാമ്ബത്തികമായും ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനെതിരെ ജാഗരൂകരാകണമെന്നും പൊലീസ് കുടുംബങ്ങളോട് ആവശ്യപ്പെട്ടു. ബാങ്ക് കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുടെ വിവരം ചോര്‍ത്തി പണം തട്ടുന്ന സൈബര്‍ ഇടപാടുകാരും നമുക്കു ചുറ്റുമുണ്ട്.
സ്വകാര്യ വസ്തുതകളും വിവരങ്ങളും മറ്റുള്ളവര്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കാതെ സ്വയം സംരക്ഷിക്കേണ്ടതുണ്ട്. അവ വെളിപ്പെടുത്തുമ്ബോഴാണ് പലരും കെണിയില്പെടുന്നതും സൈബര്‍ തട്ടിപ്പിന് ഇരകളാകുന്നതും. സൈബര്‍ കുറ്റകൃത്യങ്ങളുടെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കുകയെന്നതാണ് ബോധവത്കരണ പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അബൂദബി പൊലീസിനൊപ്പം ടെലിക്കോം റെഗുലേറ്ററി അതോറിറ്റി, എമിറേറ്റ്സ് ടെലികമ്യൂണിക്കേഷന്‍ കോര്പറേഷന്, എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍ കമ്ബനി, വിവിധ ബാങ്കിങ് മേഖല സ്ഥാപനങ്ങള്‍, ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കാമ്ബയിന് നടക്കുന്നത്.
തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അവരെ നിയന്ത്രിക്കാനും അബൂദബി പൊലീസ് നൂതന സുരക്ഷ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. സൈബര്‍ കുറ്റവാളികളുടെ പുതിയ ക്രിമിനല്‍ രീതികള്‍ മനസ്സിലാക്കിയാണ് നടപടികള്‍ ഊര്ജിതപ്പെടുത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. സുരക്ഷ ഏജന്‍സികള്‍ പ്രത്യേക മുന്‍ഗണനയോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അബൂദബി പൊലീസിലെ എല്ലാ പ്രധാന വകുപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സമഗ്രമായ ശ്രമങ്ങളിലാണ്. കുറ്റകൃത്യങ്ങളുടെ രൂപങ്ങള്‍, തരങ്ങള്‍, ചെയ്യുന്ന രീതികള്‍ എന്നിവ പരിഗണിക്കാതെ കുറ്റവാളികളെ പിടികൂടാന്‍ പഴുതടച്ച നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി വിശദീകരിച്ചു,