ജയ്പൂര്‍• രാജസ്ഥാനിലെ വന്‍ മയക്കുമരുന്ന് വേട്ട. മരുന്നു ഫാക്ടറി കേന്ദ്രീകരിച്ച് കസ്റ്റംസ് നടത്തിയ റെയ്ഡില്‍ 5,000 കോടിയിലേറെ രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ലോകത്തിലെതന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. 23.5 മെട്രിക് ടണ്‍ മാന്‍ഡ്രാക്സ് ഗുളികകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. രാജ്യാന്തര മാര്‍ക്കറ്റില്‍ കിലോയ്ക്ക് 20 ലക്ഷത്തിലധികം രൂപം വിലമതിക്കുന്ന മരുന്നാണിത്. മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട ചിലരെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. നാര്‍ക്കോട്ടിക്സ് ഡിപ്പാര്‍ട്മെന്റ്, ബിഎസ്‌എഫ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവര്‍ സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത്.
ഉദയ്പൂരിലെ ഒരു മരുന്നുകമ്പനി കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ‍്. ഉദയ്പൂരിലെയും രാജ്സാമന്‍ഡിലെയും മരുന്ന് ഗോഡൗണുകളിലും റെയ്ഡ് നടത്തി മയക്കുമരുന്നിന്‍റെ വന്‍ശേഖരം നേരത്തെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകമ്പനിയുടെ പ്രധാന ഫാക്ടറിയിലും റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ആരംഭിച്ച റെയ്ഡിനൊടുവില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു.
രവി ദൂധാനി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ മരുന്നു ഫാക്ടറി. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് വ്യാപാരിയായ സുഭാഷ് ദൂധാനിയുടെ ബന്ധുവാണ് ഇയാള്‍. വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ സഹായത്തോടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നാണ് സൂചന. മുംബൈ വിമാനത്താവളത്തില്‍നിന്നും ഇന്ന് രാവിലെയാണ് സുഭാഷ് ദൂധാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ഉദയ്പൂരില്‍ എത്തിച്ചു. രവി ദൂധാനി ഉള്‍പ്പെടെയുള്ളവരും പിടിയിലായതായാണ് സൂചന.
മഹാരാഷ്ട്രയും രാജസ്ഥാനുമുള്‍പ്പെടെ ഇന്ത്യയിലെ ചില പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മരുന്നു കമ്പനികള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് നിര്‍മാണം വ്യാപകമാണ്. യൂറോപ്പ്, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പന. തീര്‍ത്തും ചെറിയ മുടക്കുമുതലില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ ഗുളികകള്‍, വന്‍വിലയ്ക്കാണ് രാജ്യാന്തര മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്. അതുവഴി നിര്‍മാതാകള്‍ക്കും ഏജന്റുമാര്‍ക്കും ലഭിക്കുന്നത് കോടിക്കണക്കിന് രൂപയും. വന്‍തോതില്‍ മയക്കുമരുന്ന നിര്‍മാണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദയ്പൂര്‍ ജില്ലയിലെ കാലാദ്വാസിലുള്ള ഫാക്ടറിയില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് ഉടമയായ രവി ദൂധാനിയെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്ന ഗോഡൗണുകളെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് ഉദയ്പൂരിലെയും രാജ്സാമന്‍ഡിലെയും ഗോഡൗണുകളില്‍ റെയ്‍ഡ് നടത്തി കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു.