രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീം കോടതി

209

ദില്ലി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതി വിധി പ്രകാരം പേരറിവാളന്‍ അടക്കമുള്ളവര്‍ നീണ്ട നാളത്തെ ജയില്‍വാസത്തിന് ശേഷം മോചിതരാകും. പ്രതികളെ മോചിതരാക്കാം എന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച്‌ കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. 2014ല്‍ ആണ് കേസിലെ മുഴുവന്‍ പ്രതികളേയും വിട്ടയയ്ക്കാന്‍ ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന് എതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി ജീവപര്യന്തം തടവാക്കി കുറച്ചിരുന്നു. പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, മുരുഗന്‍, ശാന്തന്‍ എന്നിവരാണ് 27 വര്‍ഷമായി രാജീവ് ഗാന്ധി കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ഭരണഘടനാ ബെഞ്ചാണ് പ്രതികളെ വിട്ടയക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തെ അംഗീകരിച്ച്‌ കൊണ്ട് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതികളുടെ ദയാഹര്‍ജി തമിഴ്‌നാട് ഗവര്‍ണര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പ്രതികളില്‍ ഒരാളായ പേരറിവാളന്റെ അമ്മ അര്‍പ്പുതാമ്മാള്‍ മകന് വേണ്ടി വര്‍ഷങ്ങളായി നടത്തുന്ന നിയമപോരാട്ടം രാജ്യശ്രദ്ധ പിടിച്ച്‌ പറ്റിയിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാനെത്തിയ സംഘത്തിന് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍ എത്തിച്ച്‌ കൊടുത്തു എന്ന കുറ്റത്തിനാണ് പേരറിവാളനെ അറസ്റ്റ് ചെയ്തത്.

NO COMMENTS