കൊല്ലം : മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അലിഭായിയെ ചോദ്യം ചെയ്തപ്പോള്‍ ആയുധങ്ങള്‍ ഇവിടെ കളഞ്ഞതായി മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം മൂന്നംഗസംഘം സഞ്ചരിച്ച കാര്‍ കന്നേറ്റി പാലത്തിന് മുകളില്‍ നിര്‍ത്തിയശേഷം വസ്ത്രങ്ങളും വാളും കാറിലിരുന്ന് തന്നെ കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് അലിഭായി പറഞ്ഞത്. മുങ്ങല്‍ വിദഗ്ദ്ധര്‍ രണ്ട് മണിക്കൂറോളം കായലില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.