രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിച്ച ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു

213

കൊല്ലം: ഡി സി സി ഓഫീസില്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക ചടങ്ങില്‍ സംബന്ധിക്കാനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. ബിനു മംഗലത്ത്, എം എസ് അജിത്ത് കുമാര്‍, വിഷ്ണു വിജയന്‍, ആര്‍ എസ് അഭിന്‍, ശങ്കരനാരായണ പിള്ള, അതുല്‍ എസ് പി എന്നിവരെയാണ് കൊല്ലം ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ സസ്പെന്‍ഡ് ചെയ്തത്. ആക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ രണ്ടു ഡി സി സി ഭാരവാഹികള്‍ അംഗങ്ങളായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത്. കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയും, ഇതിനെതിരായ രാജ്മോഹന്‍ ഉണ്ണിത്താന്റെ മറുപടിയുമാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഗ്രൂപ്പ് വഴക്കിന് കാരണം. പ്രശ്നം പിന്നീട് ഇരു നേതാക്കളും തമ്മിലുള്ള അധിക്ഷേപത്തിലേക്കെത്തിയതോടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു. ഇതിനിടെ ബുധനാഴ്ച കൊല്ലം ഡി സി സി ഓഫീസിലെത്തിയ ഉണ്ണിത്താനെ ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY