ഗ്രേറ്റര്‍ നോയിഡ • പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയെ നശിപ്പിക്കുന്നതിനായി ഭീകരവാദികള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്ന ഭീരുക്കളാണ് പാക്കിസ്ഥാനെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. നമുക്കെതിരെ നിഴല്‍യുദ്ധം നടത്തുകയാണ് നമ്മുടെ അയല്‍രാജ്യം. എന്നാല്‍, ഭീകരവാദം ധൈര്യശാലികളുടെ ആയുധമല്ല. അത് ഭീരുക്കളുടെ ആയുധമാണ്. പിന്നില്‍നിന്ന് ആക്രമിക്കുന്നവരാണ് ഭീരുക്കള്‍. അതിന് അവര്‍ ഭീകരവാദികളുടെ സഹായവും തേടുന്നു. ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കി ഇന്ത്യയെ അസ്ഥിരപ്പെടുത്താനും നശിപ്പിക്കാനുമാണ് അവരുടെ ശ്രമം – രാജ്നാഥ് സിങ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യയുടെ പുരോഗതിക്ക് തടയിടാന്‍ തിന്മയുടെ ഒരു കണ്ണ് എപ്പോഴും ഉറ്റുനോക്കിയിരിക്കുകയാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.