ന്യൂഡല്‍ഹി• പാക്കിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദം ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പിന്തുണ ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അടുത്തയാഴ്ച യുഎസും റഷ്യയും സന്ദര്‍ശിക്കും. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും സൃഷ്ടിക്കുന്ന ഭീഷണികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഭീകരരെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ റഷ്യയുടെയും യുഎസിന്റെയും പിന്തുണ ഉറപ്പിച്ച് പാക്കിസ്ഥാനുമേല്‍ സമ്മര്‍ദ്ദം കൂട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.ഈ മാസം 18-നാണ് അഞ്ചു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി രാജ്നാഥ് സിങ് പുറപ്പെടുന്നത്.ഭീകരതയ്ക്കെതിരായ ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ആഭ്യന്തരമന്ത്രി വ്ലാഡിമിര്‍ കൊലോകൊട്സേവുമായി രാജ്നാഥ് സിങ് ചര്‍ച്ച നടത്തും. ജമ്മു കശ്മീരിലെ അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ഐഎസിന്റെ സ്വാധീനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
തുടര്‍ന്ന് സെപ്റ്റംബര്‍ 26ന് യുഎസിലേക്ക് പോകുന്ന രാജ്നാഥ് സിങ് ഏഴു ദിവസം അവിടെ തങ്ങും. സുരക്ഷാ മേഖലയിലെ ഇന്ത്യ-യുഎസ് സഹകരണത്തേക്കുറിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജേ ചാള്‍സ് ജോണ്‍സനുമായി അദ്ദേഹം ചര്‍ച്ച നടത്തും. പാക്ക് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനം ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും മേഖലയിലെ വര്‍ധിച്ചുവരുന്ന ഐഎസ് സ്വാധീനവും ഇരുവരും ചര്‍ച്ച ചെയ്യും.
പാക്ക് പിന്തുണയോടെയുള്ള ഭീകരവാദത്തോട് അടുത്തകാലത്തായി ശക്തമായി പ്രതികരിക്കുന്ന ഇന്ത്യയുടെ ഇതേ ദിശയിലുള്ള പുതിയ നീക്കമായാണ് മോദി സര്‍ക്കാരിലെ മുഖ്യനായ രാജ്നാഥ് സിങ്ങിന്റെ യുഎസ്, റഷ്യ സന്ദര്‍ശനങ്ങള്‍ വിലയിരുത്തപ്പെടുന്നത്.