ന്യൂഡല്‍ഹി: ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്ത് തെളിയിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യം അതിന്റെ ശക്തി തെളിയിച്ചു കഴിഞ്ഞു. കരുത്തുറ്റ രാഷ്ട്രമാണ് ഇന്ത്യയെന്ന സന്ദേശം ലോകരാജ്യങ്ങളെ അറിയിക്കാനും സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ഉറി ആക്രമണത്തിനു ശേഷം രാജ്യം നടത്തിയ അതിര്‍ത്തി കടന്നുള്ള സൈനിക നടപടി അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. ദസറ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണമൊരുക്കാന്‍ ലഖ്നൗവില്‍ എത്തിയതായിരുന്നു മന്ത്രി.പ്രകോപനമില്ലാതെ ഇന്ത്യ ആരെയും ആക്രമിക്കില്ല. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ചയാണ് രാജ്നാഥ് സിങ് ലഖ്നൗവിലെത്തിയത്. ദസറയ്ക്കെത്തുന്ന പ്രധാനമന്ത്രിയെ രാജ്നാഥ് സിങും യു.പി ഗവര്‍ണര്‍ രാം നായികും ചേര്‍ന്ന് സ്വീകരിക്കും. മോദി പങ്കെടുക്കുന്ന ദസറ ആഘോഷ വേദിയില്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പങ്കെടുക്കില്ല.