കാരുണ്യവും – പാപവിമുക്തിയും – നരകമോചനവുമാണ്‌ റമദാന്‍ വ്രതത്തിന്റെ ലക്ഷ്യം – നാസർ കടയറ

866

സ്വഹാബി അബൂ ഉമാമ അഭ്യർഥിച്ചു – എനിക്കൊരു നല്ല കർമം പറഞ്ഞുതരൂ റസൂലേ …നോമ്പനുഷ്ഠിക്കൂ. അതിനോളം നല്ലൊരു കർമമില്ല -തിരുനബിയുടെ മറുപടി. ശരി – മറ്റൊരു കർമം പറഞ്ഞുതരൂ..നോമ്പെടുക്കൂ. അതിനോളം നല്ലതൊന്ന് വേറെയില്ല – മറ്റൊന്നുകൂടി പറഞ്ഞുതരൂ റസൂലേ..മൂന്നാമതും തിരുനബി ആവർത്തിച്ചു, നോമ്പെടുക്കൂ – തീർച്ചയായും അതിനോളമൊന്ന് വേറെയില്ല..

നോമ്പ്‌ – അതീവ സ്വകാര്യമാണ്‌. ഒരാളുടെ നോമ്പ്‌ മറ്റൊരാള്‍ക്ക്‌ അറിയാന്‍ മാര്‍ഗമില്ല. മറ്റൊരു ആരാധനയും ഇങ്ങനെയില്ല. നംസകാരം മറ്റുള്ളവർക്കൊപ്പമാണ്. സകാത്ത് മറ്റൊരാൾക്ക് ലഭിക്കുന്നു. ഹജ്ജ് അതിലേറെയാളുകൾക്കൊപ്പമാണ് . പക്ഷേ നോമ്പ് തീർത്തും സ്വകാര്യമാണ്. ജീവന്‍ നിലനിര്‍ത്താന്‍ അടിയന്തിരമായതെല്ലാം നോമ്പില്‍ നാം ഉപേക്ഷിക്കുന്നു. ഭക്ഷണം, വെള്ളം എന്നിവ പോലും!

കാരുണ്യവും പാപവിമുക്തിയും നരകമോചന’വുമാണ്‌ റമദാന്‍ വ്രതത്തിന്റെ ലക്ഷ്യം (ഇബ്‌നുഖുസൈമ 1887). ഇതുതന്നെയാണ്‌ സത്യവിശ്വാസിയുടെ പരമ ലക്ഷ്യങ്ങളും. തെറ്റുകളിലേക്കുള്ള സഞ്ചാരമാണ്‌ ആത്മവിശുദ്ധിയെ തകര്‍ക്കുന്നത്‌. തിന്മകളില്‍ നിന്ന്‌ അകലാനും പോരാടാനുമുള്ള കര്‍മവീര്യമാണ്‌ വ്രതം.അല്ലാഹുവിനും നമുക്കുമിടയിലെ വേലികെട്ടുകളാണ്‌ നാം ചെയ്‌തുവെച്ച തെറ്റുകുറ്റങ്ങള്‍. കരുണാവാരിധിയുമായുള്ള നല്ല ബന്ധത്തിന്‌ തടസ്സമാകുന്നത്‌ അതാണ്‌. ആ വേലിക്കെട്ടിനെ തകര്‍ത്ത്‌, അല്ലാഹുവിലേക്ക്‌ ഓടിയടുക്കാനുള്ള പരിഹാരമാണ്‌ നോമ്പ്‌. മാലിന്യങ്ങള്‍ തുടച്ചു നീക്കുന്നതാണ് ഇബാദത്തുകള്‍. നോമ്പിന്റെ ലക്ഷ്യമായി തിരുനബി(സ) ഒരിക്കല്‍ പറഞ്ഞത്‌, ആരാധനയ്‌ക്കു വേണ്ടി ശക്തി സംഭരിക്കാന്‍’ എന്നാണ്‌ (അഹ്‌മദ്‌ 2:524)പ്രലോഭനങ്ങളാല്‍ തകരാത്ത മനുഷ്യശക്തിയാണ്‌ ഏറ്റവും സമ്പന്നമായ സൗഭാഗ്യം.അതിനോളം വരില്ല മറ്റൊന്നും. മനസ്സിന്റെ ബലവും തിന്മകള്‍ക്കെതിരിലുള്ള പ്രതിരോധവുമാണ്‌ വ്യക്തിയിലും സമൂഹത്തിലും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന സൗഭാഗ്യവും. ഉന്നതവും ഉല്‍കൃഷ്‌ടവുമായ മനസ്സ്‌ വളര്‍ത്തിയെടുക്കാനാണ്‌ റമദാന്‍. ശരീരത്തിന്റെ ആവശ്യങ്ങളും മനസ്സിന്റെ മോഹങ്ങളും നിയന്ത്രിച്ച്‌, അല്ലാഹുവിന്റെ പ്രീതിക്കായി നടത്തുന്ന ആത്മശിക്ഷണമാണ്‌ റമദാന്‍.

`നന്മ ചെയ്യുക, തിന്മ തടുക്കുക എന്നതാണ്‌ ഇസ്‌ലാമികാശയങ്ങളുടെ സംഗ്രഹം. തിന്മ ഉപേക്ഷിക്കുന്നതിനെക്കാള്‍ എളുപ്പമാണ്‌ നന്മ ചെയ്യല്‍.ആരാധനകള്‍, ദാനം ചെയ്യല്‍, രോഗി യെ സന്ദര്‍ശിക്കല്‍, ഖുര്‍ആന്‍ പാരായണം എന്നിവയൊക്കെ എളുപ്പമാണ്‌.എന്നാല്‍ അതേപോലെ എളുപ്പമല്ല നാവിനെ നിയന്ത്രിക്കലും കോപം അടക്കലും കണ്ണിനെ സൂക്ഷിക്കലുമൊക്കെ. കൂടുതല്‍ ക്ഷമയും അധ്വാനവും ആവശ്യമുണ്ടിതിന്‌. “വലിയ തിന്മകള്‍ ഉപേക്ഷിച്ചാല്‍ മറ്റെല്ലാം പൊറുത്തു തരുമെന്നും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും” (അന്നിസാഅ്‌ 31)
ഖുര്‍ആന്‍ പറയുന്നുണ്ട്‌.

നോമ്പല്ലാത്ത കാലത്ത്‌ നിഷിദ്ധമല്ലാത്തതാണ്‌ അതൊക്കെ. ദീര്‍ഘയാത്ര പല വിഷമങ്ങളും സൃഷ്‌ടിക്കുന്നു. പതിനൊന്നു മാസത്തെ അലച്ചിലും യാത്രയും കഴിഞ്ഞെത്തിയവരാണ്‌ നാം. ഇനിയൊന്നു കഴുകി വൃത്തിയാകണം; പുതിയ ഊര്‍ജവും ഉന്മേഷവും കൈവരണം. അതനാണീ വ്രതം. മരുഭൂമിയില്‍ നഷ്‌ടപ്പെട്ട ഒട്ടകത്തെ തിരിച്ചുകിട്ടുമ്പോള്‍ യാത്രികനുണ്ടാവുന്ന ആനന്ദത്തിലേറെ, നാം പശ്ചാത്തപിച്ച്‌ തിരിച്ചെത്തുമ്പോള്‍ അല്ലാഹുവിനുണ്ടെന്നു തിരുനബി(സ)പറഞ്ഞു. യജമാനനായ അല്ലാഹുവില്‍ നിന്ന്‌ ശത്രുവായ പിശാചിലേക്ക്‌ വഴിതെറ്റിപ്പോയ ഒട്ടകങ്ങളായിരുന്നു നാം.ആ ഒട്ടകക്കൂട്ടങ്ങളെല്ലാമിതാ,കണ്ണീരണിഞ്ഞ്‌ കാരുണ്യവാനിലേക്ക്‌ തിരിച്ചെത്തുകയാണ്‌.എത്ര പ്രിയപ്പെട്ടവരേയും സുന്ദരമായി വഞ്ചിക്കുന്ന കപട മനുഷ്യരുടെ ദുഷ്ടലോകം. ആത്മവിചാരണയാണ് ആത്മശുദ്ധിയിലേക്കുള്ള നല്ലമാർഗം. സ്വന്തത്തോടുയർത്തുന്ന ചോദ്യങ്ങളിലൂടെ സ്വകാര്യമായ കേടുകളെകണ്ടെത്താം. സ്വകാര്യതയിലെ പോരായ്മകളെ മറച്ചുപിടിച്ച് മറ്റൊരാളായാണ് മനുഷ്യരിലധികവും പുറത്തിറങ്ങുന്നത്. മനുഷ്യരിലാർക്കും കണ്ടെത്താനാകാത്ത വിധം കുറ്റകൃത്യങ്ങൾ സ്വകാര്യവൽക്കരിക്കപ്പെട്ട ലോകമായിരിക്കുന്നു നമ്മുടേത്. പുഴുത്ത് നാറുന്ന പാപങ്ങളുടെ സ്വകാര്യലോകത്തേയാണ് റമദാൻ കാര്യമായി ചികിത്സിക്കുന്നത്. നമ്മുടെയൊക്കെ അതീവ സ്വകാര്യമായ മറ്റൊരു ലോകത്തെ മാറ്റിപ്പണിയാനും മറന്നുകളയാനുമാണ് വ്രതകാലത്തിന്റെ ഉപദേശം.

കർമം ചെയ്യുമ്പോഴുള്ള മനസ്സിന് കർമത്തേക്കാൾ വിലകൽ‌പ്പിക്കുന്നവനാണ് അല്ലാഹു. മനസിൻറെ ചാഞ്ചാട്ടത്തെ
ജാഗ്രതയോടെ കാണണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. തെറ്റും ശരിയും കലർന്നു കിടക്കുന്ന ലോകത്ത് തെറ്റിലേക്കും ശരിയിലേക്കും ചഞ്ചലപ്പെടാനുള്ള സാഹചര്യങ്ങൾ ഇന്ന് സ്വാഭാവികമാണ് . ഒരേ ശുദ്ധിയിൽ ഹൃദയത്തെ നിലനിർത്തണമെങ്കിൽ ചിട്ടയായ പരിശീലനം ആവശ്യമാണ്. ചിട്ടയായ മനസിന്റെ നിയന്ത്രണം ആർക്കും കൈവരിക്കാവുന്നതാണ്. അങ്ങനെ അതി സൂക്ഷ്മമായ ഹൃദയ നിയന്ത്രണമാണ് ‘തഖ് വ’.ഈമാനിന്റെ ഭദ്രതയിൽ ഹൃദയം നവീകരിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും വേണം. ഒരു വസ്തു ഇളകാതിരിക്കാന്‍ അതിനെ വല്ലതുമായി ബന്ധിപ്പിക്കുകയാണല്ലോ ചെയ്യാറുള്ളത്‌.

നബി(സ) പറഞ്ഞു – ഹൃദയം ഇളകിമറിയുന്നത് കൊണ്ടാണ്‌ അതിന്‌ ഖല്‍ബ്‌ എന്നു പേര്‌ കിട്ടിയത്‌. മരത്തില്‍ കെട്ടിത്തൂക്കിയ പക്ഷിത്തൂവല്‍ പോലെയാണ്‌ ഹൃദയം. കാറ്റ്‌ നിരന്തരമായി അതിനെ കീഴ്‌മേല്‍ മറിക്കുന്നു. (അഹ്‌മദ്‌ 4:408) ആദര്‍ശത്തിനും വിശ്വാസത്തിനും ‘അഖീദ‘ എന്നാണ്‌ പറയാറുള്ളത്‌. ‘അഖദ‘ എന്നാല്‍ ‘ബന്ധിക്കുക‘ എന്നര്‍ഥം.അല്ലാഹുവുമായുള്ള ബന്ധം’ ആയതിനാലാവാം ആ പദം വന്നത്‌.ഇളകുന്ന ഖല്‍ബിനെ അല്ലാഹുവുമായി ചേര്‍ത്തുകെട്ടുന്ന വെള്ളിനൂലാണ്‌ ഈമാന്‍. സാഹചര്യങ്ങള്‍ക്കൊത്ത്‌ മാറിപ്പോകാന്‍ സാധ്യതയുള്ള ഹൃദയത്തെ, മാറാത്ത ആദര്‍ശത്തിലാണ്‌ ബന്ധിക്കുന്നത്‌. ആരാധനകളുടെ പിന്നിലെ പ്രേരകവും ഇതായിരിക്കണം.ഈ സല്‍ഗുണങ്ങളുടെയെല്ലാം ചുരുക്കെഴുത്താണ്‌ തഖ്‌വ. നിങ്ങള്‍ അല്ലാഹുവിന്‌ തഖ്‌വയുള്ളവരാകുക. എങ്കില്‍ നിങ്ങള്‍ വിജയിച്ചേക്കാം” (2:190-194). അല്ലാഹു തഖ്‌വയുള്ളവരോടൊപ്പമാണ്‌. വ്യക്തിയുടെ അതിസൂക്ഷ്‌മമായ ജീവിതത്തില്‍ പോലും ഇടപെട്ട്‌ ശുദ്ധീകരണത്തിന്റെ പുതുമഴ ചൊരിയുകയാണ്‌ അല്ലാഹു ചെയ്യുന്നത്‌. അല്ലാഹു വഴികാണിക്കുന്നു; മനുഷ്യന്‍ വഴിമറക്കുന്നു. ഈ മറവിയെയാണ്‌ ഇബാദത്തുകള്‍ ചികിത്സിക്കുന്നത്‌.ഓരോന്നിനും വളരാന്‍ ഓരോ സീസണുണ്ട്‌. തഖ്‌വയുടെ സീസണാണ്‌ റമദാന്‍.

സല്‍കര്‍മങ്ങളുടെ മുന്നുപാധിയാണ്‌ പാപത്തില്‍ നിന്ന്‌ അകന്നുനില്‌ക്കല്‍. ക്ഷമയും മനസ്ഥൈര്യവും രണ്ടിനും വേണം. ഇവയാണ്‌ വ്രതത്തിന്റെ പ്രാഥമിക ലക്ഷ്യം – ഇതുതന്നെയാണ്‌ തഖ്‌വ. ദാഹം നിയന്ത്രിക്കാനും, ഇഷ്‌ടങ്ങളെ ത്യജിക്കാനും ആജ്ഞകളെ അനുസരിക്കാനും കെൽപുള്ളവര്‍ക്ക്‌, മനോദാര്‍ഢ്യവും അച്ചടക്കവും എന്തിലും പതറാത്ത ഉള്‍ക്കരുത്ത്‌ കൈവരുമെന്നാണ്‌ നോമ്പ് നമ്മെ പഠിപ്പിക്കുന്നത്.

നാസർ കടയറ – പ്രസിഡൻറ് – മുസ്ലിം അസോസിയേഷൻ – തിരുവനന്തപുരം.

NO COMMENTS