വിശുദ്ധി പെയ്യുന്ന റമദാൻ – ഡോ.ഹുസൈൻ മടവൂർ –

786

വിശ്വാസികൾക്ക്‌ ആത്മഹർഷം നൽകി റമളാന്‍ വീണ്ടും വിരുന്നെത്തുന്നു – വിശുദ്ധിയുടെയും സൽസ്വഭാവത്തിന്റെയും സമുന്നത പാഠങ്ങളുടെ പാഠശാലയാണ് റമളാന്‍. ഒരു ആരാധന എന്നതിനേക്കാളുപരി മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു പരിശീലനം കൂടിയാണ് വ്രതം. മനസ്സിലെ അഴുക്കുകള്‍ കഴുകിക്കളഞ്ഞ് ശുദ്ധി വരുത്താനുള്ള വലിയ അവസരമാണിത്. ഭൗതിക താല്പര്യങ്ങളെ അതിജയിക്കാവുന്ന വിധം ആത്മാവിനെയും മനസ്സിനെയും വളർത്തിയെടുക്കാനുള്ള ശക്തിയുണ്ട് വ്രതാനുഷ്ഠാനത്തിന്.

എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്. ‘സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്കു വ്രതാനുഷ്ഠാനം നിയമമാക്കിയ പോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിയമമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മശാലികളായി ജീവിക്കുവാന്‍'(2:183) എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ഹൈന്ദവ,ക്രൈസ്തവ
ജൂത സമുദായങ്ങള്‍ക്കെല്ലാം വ്രതാനുഷ്ഠാനങ്ങള്‍ ഉണ്ട്. അവയുടെ സമയവും രീതിയും വ്യത്യസ്തമാണെങ്കിലും. വ്രതം(നോമ്പ്) എന്നത് എല്ലാവരും ആഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്. വ്രതം മനുഷ്യജീവിതത്തെ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കും.

വ്രതം നിയന്ത്രണം പരിശീലിപ്പിക്കും. അനിയന്ത്രിതമായി ജീവിച്ചുപോരുന്ന, ഇഷ്ടപ്പെട്ടതെല്ലാം ഏതുനേരത്തും ഭക്ഷിക്കുകയും തോന്നിയതെല്ലാം പറയുകയും ചെയ്യുന്ന ആളുകള്‍ക്ക് സമ്പൂര്‍ണമായ ഒരു നിയന്ത്രണം വരുത്താന്‍ നോമ്പിന് കഴിയും. സൗമ് എന്നാണ് നോമ്പിന് അറബി ഭാഷയില്‍ പ്രയോഗത്തിലുള്ള പദം. അടങ്ങുക, ഒതുങ്ങുക എന്നെല്ലാമാണ് അതിന് അര്‍ഥം. ജീവിതത്തില്‍ ഒരച്ചടക്കവും ഒതുക്കവും വരുത്താന്‍ വ്രതം കൊണ്ട് സാധ്യമാകണം എന്നാണ് അതിന്റെ താല്പര്യം.റമദാന്‍ മാസത്തിലാണ് മുസ്‌ലിംകള്‍ നിര്‍ബന്ധമായും വ്രതമനുഷ്ഠിക്കേണ്ടത്. ഐച്ഛികമായ വ്രതം വേറെയുമുണ്ട്. ഉണ്മപ്രഭാതം വെളിവാകുന്നത് മുതല്‍ സൂര്യാസ്തമനം വരെയുള്ള പകല്‍ നേരമാണ് വ്രതത്തിന്റെ സമയം. ഈ സമയത്ത് അന്നപാനീയങ്ങള്‍ പാടെ ഉപേക്ഷിക്കണം. നാവിനെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും സൂക്ഷ്മതയോടെ ജീവിക്കുകയും വേണം. മനുഷ്യ മനസ്സില്‍ ദൈവഭയവും സൂക്ഷ്മതയും വര്‍ധിപ്പിക്കാനും ജീവിതവിശുദ്ധി കൈവരിക്കാനുമുള്ള പ്രായോഗിക പരിശീലനമാണ് വ്രതം. ആത്മീയവും മാനസികവും ശാരീരികവുമായ വമ്പിച്ച നേട്ടങ്ങള്‍ അതുമുഖേന സിദ്ധിക്കാനുണ്ട്. ശരീരേച്ഛക്കടിമപ്പെട്ട് ജീവിക്കുന്നതിലൂടെയാണ് പാപങ്ങൾ ഉണ്ടായിത്തീരുന്നത്. ആ ശരീരേച്ഛയെ കടിഞ്ഞാണിടാനും നിയന്ത്രണ വിധേയമാക്കാനുമുള്ള കഴിവ് നേടുക എന്നതാണ് വ്രതാനുഷ്ഠാനത്തിലൂടെ സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന പ്രധാന നേട്ടം.

വിശപ്പിന്റെ വിളിയാളമെത്തുമ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും ഭക്ഷിക്കാനാണ് മനുഷ്യര്‍ ശ്രമിക്കാറുള്ളത്. എന്നാല്‍ എത്ര നല്ല ഭക്ഷണമായാലും വിശപ്പുള്ള സമയത്ത് മറ്റാരും കാണാനില്ലാത്ത സാഹചര്യത്തിൽ പോലും നോമ്പുകാരന്‍ ഭക്ഷിക്കാറില്ലല്ലോ. എന്ത് കഴിക്കാമെന്നും എന്ത് സംസാരിക്കാമെന്നുമെല്ലാമുള്ളതിന്ന് അല്ലാഹു ഏര്‍പ്പെടുത്തിയ നിയന്ത്രണം അവന്‍ ശീലിക്കുന്നു എന്നതിന്റെ സൂചനയാണത്. അടുത്ത ഒരു റമളാന്‍ കാലം വരെ ധർമ്മനിഷ്ഠയുള്ള ജീവിതം നയിക്കുവാനുള്ള ഊര്‍ജം ഈ റമദാൻ കൊണ്ടു ലഭിക്കണം . ആവര്‍ത്തിച്ചു വരുന്ന ആരാധനാകര്‍മങ്ങള്‍ മനുഷ്യനെ സമൂല പരിവര്‍ത്തനത്തിന് വിധേയനാക്കും. വ്രതത്തിന്റെ ഫലമായി പറഞ്ഞ ‘ നിങ്ങള്‍ സൂക്ഷ്മശാലികളായി ജീവിക്കാന്‍’ എന്നത് ഈ ലോകത്തു തന്നെ നമുക്ക് അനുഭവിക്കാന്‍ സാധിക്കും.എല്ലാ ആരാധനകളുടേയും ആത്യന്തികമായ ലക്ഷ്യം ദൈവത്തില്‍ നിന്നുള്ള പ്രതിഫലമാണ്. അത് പക്ഷേ, പരലോകത്താണ്. എന്നാല്‍, എല്ലാ ആരാധനകള്‍ക്കും ഒരു സാമൂഹികമായ സ്വാധീനവും ഫലവുമുണ്ട്. സൂക്ഷ്മശാലികളായി ജീവിക്കുക എന്നത് അത്തരത്തിലുള്ള ഒരു ഫലമാണ്. വ്രതമനുഷ്ഠിച്ച മനുഷ്യനെ ആരെങ്കിലും ഉപദ്രവിക്കുകയോ ചീത്തപറയുകയോ ആണെങ്കില്‍ പോലും അതുപോലെ തിരിച്ചു പറയുകയോ പ്രവർത്തിക്കുകയോ ചെയ്തു കൂടാ എന്നാണ് പ്രവാചകന്‍ ഉണര്‍ത്തുന്നത്. ഞാന്‍ നോമ്പുകാരനാണ് എന്ന മറുപടിയില്‍ അത് ഒതുക്കുവാനാണ്. നോമ്പുകാരനോട് കല്പിക്കപ്പെട്ടിട്ടുള്ളത്. അതില്‍ എല്ലാമുണ്ട്. താങ്കള്‍ എന്തു തന്നെ ചെയ്താലും അതേ പോലെ പ്രതികരിക്കാന്‍ ഈ നോമ്പു നേരത്ത് നിവൃത്തിയില്ല എന്ന സൂചനയാണത്. വിട്ടുവീഴ്ചയും ക്ഷമയും പരിശീലിക്കപ്പെടുകയാണിവിടെ.

ശരീരവും മനസ്സും ചേര്‍ന്നതാണ് മനുഷ്യന്‍. ഏതെങ്കിലും ഒന്ന് മാത്രമായി നിലനില്‍ക്കില്ല. അവ പരസ്പര പൂരകങ്ങളാണ്. മനസ്സ് ശുദ്ധമാകുന്തോറും അതിന്റെ സ്വാധീനം പ്രവൃത്തിയിലും അവന്റെ ശരീരത്തിലും കാണാനാകും. മനസ്സിനെ കൂടുതലായി നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കുന്നവര്‍ക്കാണ് കൂടുതലായി വിശുദ്ധി കൈവരിക്കാനാവുക. പട്ടിണി കൊണ്ടും സാമ്പത്തിക ഞെരുക്കങ്ങള്‍ കൊണ്ടും കഷ്ടതയനുഭവിക്കുന്ന പാവങ്ങള്‍ ഏറെയുണ്ട് . ഇവരുടെ കഷ്ടതകളെ പറഞ്ഞറിയുന്നതിനുമപ്പുറം അനുഭവിച്ചു മനസ്സിലാക്കാന്‍ വ്രതാനുഷ്ഠാനം കൊണ്ട് സാധിക്കും. വിശപ്പും ദാഹവും ക്ഷീണവുമെല്ലാം ഒരു നോമ്പുകാരന് അനുഭവിച്ചറിയാന്‍ കഴിയും. തന്റെ ചുറ്റുപാടുമുള്ളവരുടെ പ്രയാസങ്ങളെ അനുഭവിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു എന്നത് നോമ്പിന്റെ ഒരു സാമൂഹിക വശമാണ്. ഈ അറിവ് മുന്നോട്ടുള്ള ജീവിതത്തില്‍ നമ്മില്‍ വലിയ പരിവര്‍ത്തന ചിന്തയായി മാറേണ്ടതുണ്ട്.

റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് . ജനങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനാമായി ഇറക്കപ്പെട്ടിട്ടുള്ള വേദമാണ് ഖുര്‍ആന്‍. ലോകര്‍ക്കൊക്കെയും വഴികാട്ടിയായ ഖുര്‍ആന്‍ റമദാനിന്റെ വലിയ സമ്മാനമാണെന്ന് പറയുന്നതില്‍ തെറ്റില്ല. വായിക്കുക എന്ന് കല്പിച്ചു കൊണ്ട് അവതരണമാരംഭിച്ച ഒരേയൊരു ഗ്രന്ഥമാണത്. എഴുത്തും വായനയും പഠനവും ശാസ്ത്രീയ ഗവേഷണങ്ങളുമാണ് ആദ്യമവതരിച്ച ഖുർആൻ വാക്യങ്ങളിലെ വിഷയങ്ങളെന്നതും ആശ്ചര്യ ജനകമാണ്. അതുകൊണ്ടു തന്നെ റമദാനില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്നും പഠിക്കുന്നതിന്നും വലിയ പ്രാധാന്യമുണ്ട്.

തുല്യതയില്ലാത്ത ആ ഗ്രന്ഥം റമദാനിനെ കൂടുതല്‍ മനോഹരമാക്കുന്നത് അതിന്റെ ആത്മീയ സ്വാധീനം കൊണ്ടാണ്. ഭൗതികമായ കെട്ടുപാടുകളില്‍ നിന്നും തിരക്കുകളില്‍ നിന്നും വിട്ടുനില്ക്കല്‍ മനസ്സ് ശാന്തമാവാന്‍ അത്യന്താപേക്ഷിതമാണ്. റമദാനില്‍ പള്ളികളില്‍ പ്രാര്‍ഥനാ നിര്‍ഭരരായിരിക്കാന്‍ ഇസ്‌ലാം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റമദാനിന്റെ അവസാന പത്ത് ദിവസം പ്രവാചകന്‍ ഇത്തരത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. ആരാധനകള്‍ അധികരിപ്പിച്ചു കൊണ്ടായിരുന്നു ഈ ദിനരാത്രങ്ങളെ അദ്ദേഹം കഴിച്ചുകൂട്ടിയിരുന്നത്. ആരാധനകളില്‍ പരമാവധി കൃത്യത വരുത്താന്‍ റമദാന്‍ നമുക്ക് പ്രേരണയാകേണ്ടതുണ്ട്. പൊതുവെ ഉദാരനായ പ്രവാചകൻ ദാനധർമങ്ങൾക്ക് ഏറെ പുണ്യമുള്ള ഈ മാസത്തിൽ അടിച്ചു വീശുന്ന കാറ്റുപോലെ ഉദാരനായിരുന്നു എന്ന് ഹദീസിൽ കാണാം. അതുകൊണ്ട് തന്നെ റമദാനിൽ ദാനധർമങ്ങളിൽ കൂടുതൽ നിരതരാവാൻ നമുക്ക് ബാധ്യതയുണ്ട്.നോമ്പ് നോല്ക്കുന്ന പോലെ തന്നെ പ്രതിഫലമുള്ളതാണ് മറ്റൊരാള്‍ക്ക് നോമ്പ് തുറക്കാനുള്ള ഭക്ഷണം നല്കുക എന്നതും. പ്രവാചകാധ്യാപനമാണിത്. അതുകൊണ്ടാണ് ഇഫ്ത്വാര്‍ സല്ക്കാരങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. അതില്‍ സ്‌നേഹവും സൗഹാര്‍ദവും അതിഥി സല്ക്കാരവും പരസ്പര ബന്ധത്തെ ഊട്ടി ഉറപ്പിക്കാവുന്ന എല്ലാമുണ്ട്. അതിന്റെ ചൈതന്യത്തെ നഷ്ടപ്പെടുത്താതെയായിരിക്കണം ഈ സംഗമങ്ങള്‍ എന്നു മാത്രം. എല്ലാ കാര്യങ്ങളിലുമുള്ള വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ആരാധനയുടേയും മതത്തിന്റേയും പേരില്‍ പോലും കാണുന്നുണ്ട്.

ഇഫ്ത്വാര്‍ സംഗമങ്ങളുടെ പേരില്‍ ധൂര്‍ത്തും പൊങ്ങച്ചവുമെല്ലാം ഉണ്ടായി വരുന്നത് നിയന്ത്രിക്കേണ്ടതുണ്ട്. ഈയിടെ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഒരു യോഗത്തില്‍ ഇഫ്ത്വാര്‍ സംഗമങ്ങളുടെ പേരില്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ എന്തുചെയ്യണമെന്ന് ഒരാലോചന നടത്തിയിരുന്നു. ഹരിതകേരളം പദ്ധതിയുടേയും ശുചിത്വ മിഷന്റേയും മുതിർന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ആ യോഗം ഇഫ്ത്വാറുകള്‍ പോലുള്ള വിരുന്നുകളില്‍ നിന്ന് പാരിസ്ഥിതിക പ്രശ്‌നങ്ങളും രോഗങ്ങളുമുണ്ടാക്കുന്ന പാത്രങ്ങളും അനുബന്ധ വസ്തുക്കളും ഒഴിവാക്കാന്‍ ജനങ്ങളെ ബോധവൽക്കരിക്കാൻ മഹല്ല് ജമാത്തുത്ത് നേതൃത്വങ്ങളോട് ആഹ്വാനം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്‌ലാം വിവക്ഷിക്കുന്നതിനുമപ്പുറത്തേക്ക് ഇഫ്ത്വാറുകള്‍ വ്യതിചലിച്ച് പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കെത്തുന്നത് സര്‍ക്കാറുകള്‍ പോലും വീക്ഷിക്കുന്നുണ്ട് എന്നതാണിത് സൂചിപ്പിക്കുന്നത്.

കേവലം പട്ടിണി കിടക്കലല്ല, സമൂല പരിവര്‍ത്തനമാണ് വ്രതം ഉന്നമിടുന്നത്. നോമ്പുകാരനില്‍ സ്വഭാവം മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നെ നോമ്പ് സര്‍വശക്തന്‍ സ്വീകരിക്കുമോ എന്ന കാര്യം സംശയമാണ്. ധാർമ്മിക മൂല്യങ്ങൾ ഹൃദയത്തോട്‌ ചേർത്ത്‌, ആരാധനാ കർമ്മങ്ങളുടെ അന്തസത്ത പാലിച്ച്‌ മാനവികതയെ മുറുകെപ്പിടിച്ചു വേണം നമുക്ക് റമദാനെ വരവേല്ക്കാന്‍.
– ഡോ.ഹുസൈൻ മടവൂർ –

NO COMMENTS