ബസ്തര്‍: പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ്. പശു സംരക്ഷണത്തിനായി സംസ്ഥാനത്ത് നിയമനിര്‍മാണം നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രമണ്‍ സിംഗിന്റെ പ്രതികരണം. കഴിഞ്ഞ 15 വര്‍ഷമായി ചത്തീസ്ഗഡില്‍ പശുക്കളെ കൊന്നതായി ആരെങ്കിലും കേട്ടിട്ടുണ്ടോ എന്ന് ചോദിച്ച മുഖ്യമന്ത്രി അങ്ങനെ ചെയ്തതായി തെളിഞ്ഞാല്‍ ഇതിന് പിന്നിലുള്ളവരെ തൂക്കിക്കൊല്ലും എന്ന് വ്യക്തമാക്കി.നിലവില്‍ സംസ്ഥാനത്ത് നിയമിരുദ്ധമായി ഗോവധം നടക്കുന്നില്ല, കഴിഞ്ഞ 15 വര്‍ഷമായി അങ്ങനെ നടന്നിട്ടില്ലെങ്കില്‍ ഭാവിയിലും അത് നടക്കാന്‍ പോകുന്നില്ലെന്നും രമണ്‍ സിംഗ് പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട് കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ സംസ്ഥാന ഗവണ്‍മെന്റ് ആലോചിക്കുന്നതായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രമണ്‍ സിംഗ് പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഗോവധത്തിന് വധശിക്ഷ നിലവിലില്ലാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥ് ആരംഭിച്ച അറവുശാല അടച്ചുപൂട്ടലും ബീഫ് നിരോധനവും ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും പിന്തുടരാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞയാഴ്ച ജാര്‍ഖണ്ഡ് ഗവണ്‍മെന്റ് സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും 72 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്ന് ഉത്തരവ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ഗോവധത്തിനെതിരായ ശിക്ഷാനിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ഗോവധത്തിന് ഇനിമുതല്‍ ജീവപര്യന്തം ശിക്ഷയാണ് നിയമഭേദഗതിയിലൂടെ നടപ്പില്‍ വരുത്തിയിരിക്കുന്നത്.