തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി ചോദ്യപേപ്പറിലും ചോര്‍ച്ച കണ്ടെത്തിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ എന്തുകൊണ്ടു മുഖ്യമന്ത്രി പുറത്താക്കുന്നില്ലെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നപ്പോള്‍ തന്നെ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണ്ടേതായിരുന്നു.അതിന് പിന്നാലെയാണിപ്പോള്‍ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയെക്കുറിച്ചും ആക്ഷേപം ഉയരുന്നത്. ഒരു പരീക്ഷ പോലും നേരെ ചൊവ്വേ നടത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നില്ല എന്നാണ് ഇതിനര്‍ത്ഥം. ഇനിയും മന്ത്രി രാജിക്ക് തയ്യാറല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. ചരിത്രത്തിലാദ്യമായാണ് ഒന്നിന് പുറകെ ഒന്നായി പരീക്ഷകള്‍ കുഴപ്പത്തിലാവുന്നത്. ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയാണ് ഇവിടെ പന്താടപ്പെടുന്നത്. പ്ലസ് വണ്‍ ജ്യോഗ്രഫി ചോദ്യപേപ്പറിലെ 43 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ അതേപടി സി.പി.എമ്മിന്റെ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ പുറത്തിറക്കിയ മാതൃകാ ചോദ്യപേപ്പറിലുണ്ടായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി തന്റെ വകുപ്പിലെ ഭരണം മുഴുവന്‍ കെ.എസ്.ടി.എയെ ഏല്പിച്ചിരിക്കുകയാണ്. വകുപ്പില്‍ എന്തു നടക്കുന്നു എന്ന് പോലും വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ല. ഇപ്പോള്‍ ചോദ്യപേപ്പര്‍ തയ്യാറാക്കലും അവരായിരിക്കുന്നു. ഇത്രയും കുത്തഴിഞ്ഞ അവസ്ഥ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.