സര്‍ക്കാര്‍ ഇരുട്ടു കൊണ്ട് ഓട്ടയടക്കുകയാണെന്ന് രമേശ് ചെന്നിത്തല

168

തിരുവനന്തപുരം: സര്‍ക്കാരിന്റെ വീഴ്ചകള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ താന്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്ന് പോലും നിഷേധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞിട്ടില്ല. അതിന്പകരം കുറ്റപത്രം ബാലിശവും യുക്തിരഹിതവുമാണെന്ന് പറഞ്ഞ് ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ പാത വികസനം വികസനം, ഗെയില്‍ വാതക പൈപ്പ് ലൈന്‍, കൂടംകുളം, റെയില്‍ വികസനം തുടങ്ങിയവ ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളായി മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്ത് കാട്ടുന്നു. ഇതൊന്നും ഇടതു സര്‍ക്കാര്‍ ആരംഭിച്ച സംരംഭങ്ങളല്ല. നേരത്തെ നടന്നു വന്നിരുന്ന പ്രോജക്ടുകളാണിവ. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നീ യു.ഡി.എഫ് കാലത്തെ പദ്ധതികളില്‍ മുഖ്യമന്ത്രി നേരത്തെ ഊറ്റം കൊണ്ടത് പോലെയേയുള്ളൂ ഇതും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റേഷന്‍വിതരണം മുടങ്ങിയ കാര്യം കേരളത്തിലെ കൊച്ചു കുട്ടികള്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴും റേഷന്‍ വിതരണം സുഗമമായിട്ടില്ല. വാതില്‍പ്പടി വിതരണം എങ്ങും എത്തിയിട്ടില്ല. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രണ്ടു ലക്ഷം ടണ്‍ റേഷനരിയുടെ കുറവ് വന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. അന്ന് പത്ത് ലക്ഷം മെട്രിക് ടണ്‍ ആയി കേന്ദ്രം നിശ്ചയിച്ചപ്പോള്‍ അത് 14.25 മെട്രിക് ടണ്‍ ആക്കി വര്‍ദ്ധിപ്പിച്ചെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞു. അതിന് പുറമെ രണ്ട് ലക്ഷം ടണ്‍ അധികമായും വാങ്ങിയെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് സാധിച്ചിരുന്നു എന്നതാണ് വസ്തുത. ഇടതു മുന്നണി സര്‍ക്കാരിന് ഇത് കഴിയുന്നില്ല. മാത്രമല്ല ഒരു ദിവസം പോലും യു.ഡി.എഫ് ഭരണകാലത്ത് റേഷന്‍ വിതരണം മുടങ്ങിയിട്ടില്ല എന്നതും മറക്കരുത്. അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞിട്ടും റേഷന്‍ മുന്‍ഗണനാ പട്ടികയിലെ തെറ്റു തിരുത്താന്‍ കഴിയാത്ത കഴിവു കേട്മറച്ച് വയ്ക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനെ കുറ്റം പറയുകയാണ്.

NO COMMENTS

LEAVE A REPLY