തിരുവനന്തപുരം: നൂറു ദിവസം പിന്നിടുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താളംതെറ്റിയ പോലീസിന്‍റെ പ്രവര്‍ത്തനമാണ് ഇടതുമുന്നണി സര്‍ക്കാരിന്‍റെ നേട്ടം. ഇവിടെ തുല്യനീതിയില്ല. മാര്‍ക്സിസ്റ്റുകാര്‍ക്ക് ഒരു നീതി, മറ്റുള്ളവര്‍ക്ക് മറ്റൊരു നീതി എന്നതാണ് ആഭ്യന്തര വകുപ്പ് നടപ്പാക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
ഗുണ്ടകളും കൊള്ളപ്പലിശക്കാരും വീണ്ടും തലയുയര്‍ത്തി. ഇതോടെ ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിക്കുന്നു. അധികാര വികേന്ദ്രീകരണത്തിന്‍റെ കാലത്ത് അധികാര കേന്ദ്രീകരണമാണ്.
അതിന്‍റെ ഫലമായി ഭരണം മെല്ലെപ്പോകുന്നു. നരേന്ദ്ര മോഡിയുടെ പാതയിലാണ് പിണറായി വിജയന്‍ പോകുന്നത്.
മുഖ്യമന്ത്രി ഉപദേശകരുടെ തടവറയിലാണ്. ഉപദേശകരെ കൊണ്ട് വലഞ്ഞ സര്‍ക്കാരാണ് ഇടതുമുന്നണിയുടേത്. പശ്ചിമ ബംഗാളില്‍ സിംഗൂരിലെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് ടാറ്റയ്ക്ക് നല്‍കിയ ബുദ്ധദേവിന്‍റെ അനുഭവം പിണറായി ഓര്‍ത്താല്‍ നല്ലതെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
ക്ഷേമപെന്‍ഷന്‍ വിതരണത്തിന് യു.ഡി.എഫ് ഭരണത്തിലുള്ള സഹകരണ ബാങ്കുകളെ അവഗണിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.