തിരുവനന്തപുരം: ബി ജെ പി നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ദേശീയതലത്തില്‍ നടന്ന വന്‍ അഴിമതിയാണ് ഇതെന്നും അതിനാല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ആയിരം കോടിയുടെ വന്‍ അഴിമതിയാണ് ഇതില്‍ നടന്നതെന്നും ബി ജെ പി ദേശീയ നേതൃത്വത്തിനും കേന്ദ്ര ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കൗണ്‍സിലിനും ഇതില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു. സുപ്രീംകോടതി നിയോഗിച്ച സമിതിയെ മറികടന്നാണ് 70 കോളജുകള്‍ക്ക് അനുമതി നല്‍കിയത്. കേരളത്തില്‍ പുറത്തുവന്ന മെഡിക്കല്‍ കോളജ് കോഴ അഴിമതി ദേശീയതലത്തില്‍ നടന്ന വലിയൊരു തട്ടിപ്പിന്റെ സൂചന മാത്രമാണെന്നും ചെന്നിത്തല വ്യക്തമാക്കി.