തിരുവനന്തപുരം: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസ്സില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പൊലീസിന്‍റെ കുറ്റകരമായ അനാസ്ഥയാണ് രാജീവിന്‍റെ കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട രാജീവ് വധഭീഷണി ഉണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അഭിഭാഷകനായ സി.പി.ഉദയഭാനുവിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജീവ് അങ്കമാലി പൊലീസില്‍ മാത്രമല്ല മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും പോലീസ് മതിയായ സംരക്ഷണം നല്‍കാത്തതിനാലാണ് രാജീവിന് ജീവന്‍ നഷ്ടമായത്. കൊലപാതകികള്‍ക്ക് ഉന്നതതല സ്വാധീനം ഉള്ളതിനാലും പൊലീസിനെതിരെ ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നതിനാലും കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് ഉചിതമെന്ന് ചെന്നിത്തസ കത്തില്‍ പറയുന്നു.