തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താലിനിടെ പ്രകോപനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ മാത്രമാണ് ചിലയിടത്തുണ്ടായത്. എല്‍ഡിഎഫും ബിജെപിയും ഹര്‍ത്താലിനെ പൊളിക്കാനുള്ള നടപടികളുമായാണ് ഇന്നിറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതെ 12 ദിവസങ്ങള്‍ക്കു മുന്‍പു പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമമെന്ന പ്രചാരണം. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നു പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ആരെങ്കിലും തെറ്റിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമാണ്. ജനങ്ങള്‍ ഹര്‍ത്താലിനെ അനുകൂലിച്ചു. എന്നാല്‍ പ്രകോപനം സൃഷ്ടിച്ചത് പോലീസാണ്. കെഎസ്‌ആര്‍ടിസി ബസ് പ്രകടനം നടക്കുന്നതിനിടയിലേക്ക് കയറ്റുകയാണ് അവര്‍ ചെയ്തത്. കേരളത്തില്‍ ആദ്യമായിട്ടല്ല ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമം നടത്തി. ഇന്ധനവിലയില്‍ അധികം വാങ്ങുന്നവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.