തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട അപാകതകളും ഫീസ് വര്‍ധനവും അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തുനല്‍കി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവേശന നടപടികളില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതെന്നും ഇത് മെറിറ്റ് നേടിയ വിദ്യാര്‍ത്ഥികളെപ്പോലും ബാധിക്കുമെന്ന് ചെന്നിത്തല ആരോപിക്കുന്നു.
യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റപ്പോള്‍ മെഡിക്കല്‍ പ്രവേശനത്തിന് മെറിറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിനത്തില്‍ അഞ്ചുവര്‍ഷം കൊണ്ട്് 47,000 രൂപയുടെ വര്‍ധന മാത്രമേ വരുത്തിയിരുന്നുള്ളു.അതേസമയം, ഈ സര്‍ക്കാര്‍ ഒറ്റയടിക്ക് 65,000 രൂപ വര്‍ധിപ്പിച്ചിരിക്കയാണ്. ഇത്തരത്തില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ 2.5 ലക്ഷം രൂപ വീതം അഞ്ചുവര്‍ഷം അടയ്ക്കേണ്ടിവരുമെന്നും ചെന്നിത്തല പറയുന്നു.കേരള മെറിറ്റിലും നീറ്റിലും ഉള്ള വിദ്യാര്‍ത്ഥികളെ രണ്ടു വിഭാഗമായി പരിഗണിക്കുന്നത് ശരിയല്ലെന്നും ഇവര്‍ക്കു രണ്ടു വിധത്തില്‍ ഫീസ് വാങ്ങുന്നത് പുനഃപരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.