തിരുവനന്തപുരം• യുഡിഎഫ് സര്ക്കാരിന്റെ മദ്യ നയം അട്ടിമറിക്കാനുള്ള സൂത്രപ്പണി ഇടതു സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 10% വീതം ബവ്റിജസ് വില്‍പനകേന്ദ്രങ്ങള്‍ പൂട്ടാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം വേണ്ടെന്നുവച്ചത് ഇതിന്റെ ആദ്യപടിയാണ്. സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനു പ്രത്യേകിച്ചും വലിയ വീഴ്ച പറ്റിയെന്നും രമേശ് പറഞ്ഞു. മദ്യ മുതലാളിമാരുമായി തിരഞ്ഞെടുപ്പു കാലത്തുണ്ടാക്കിയ അവിശുദ്ധ ധാരണ സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങി.
മദ്യാസക്തി കുറച്ചുകൊണ്ടുവരണമെന്ന ഇടതുനയം ആത്മാര്‍ഥമാണെങ്കില്‍ ആദ്യം മദ്യ ലഭ്യതയാണു കുറയ്ക്കേണ്ടത്. മദ്യനയം 24നു ചേരുന്ന യുഡിഎഫ് രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല.
അജന്‍ഡ തീരുമാനിച്ചിട്ടില്ല. അതിപ്രധാന കേസുകളുടെ സുപ്രീം കോടതിയിലെ നടത്തിപ്പു വിലയിരുത്താനും തുടര്‍നടപടികള്‍ക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ആഭ്യന്തര വകുപ്പു വിളിച്ചുചേര്‍ക്കുന്ന പതിവുണ്ട്. സൗമ്യ കേസില്‍ അതുണ്ടായില്ല. തോമസ് പി.ജോസഫ് മികച്ച അഭിഭാഷകനാണ്. സര്‍ക്കാരിന്റെ അനവധാനതയാണു കാര്യങ്ങള്‍ കുഴപ്പിച്ചത്. സിപിഎമ്മും ആര്‍എസ്‌എസും ആയുധം താഴെവച്ചാലേ കേരളത്തില്‍ സമാധാനം പുലരൂ.
യുഡിഎഫ് ഭരണകാലത്തു കണ്ണൂര്‍ ശാന്തമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതല്ല. സമാധാന ചര്‍ച്ച വിളിക്കാന്‍പോലും മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും കേരളം ഭരിക്കുന്ന പാര്‍ട്ടിയും കൂടി നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനെതിരെ 22നു കണ്ണൂരില്‍ നടക്കുന്ന സമാധാന സംഗമത്തില്‍ മുഴുവന്‍ യുഡിഎഫ് നേതാക്കളും പങ്കെടുക്കും. അക്രമങ്ങള്‍ നടക്കുന്ന താനൂര്‍ താന്‍ സന്ദര്‍ശിക്കും. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ചു നൂറുകണക്കിനു പരാതി കിട്ടിയിട്ടും സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനം പൊള്ളയായി. തെരുവുനായ ശല്യം പരിഹരിക്കാനും പദ്ധതിയില്ല. ആകാശത്തൊട്ടില്‍ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളൊരുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.