തിരുവനന്തപുരം: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സുപ്രിം കോടതി വിധിയനുസരിച്ച് ഹജ്ജ് സബ്സിഡി ഘട്ടം ഘട്ടമായി നര്‍ത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിട്ടും നാല് വര്‍ഷം അവശേഷിക്കേ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പെട്ടെന്നെടുത്ത തീരുമാനത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ അനാവശ്യ ധൃതികാട്ടി കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം ദുരുദ്ദേശപരമാണ്. സുപ്രീം കോടതി വിധിയനുസരിച്ച് ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാന്‍ 2022 വരെ സമയമുണ്ടായിരുന്നു. നാല് വര്‍ഷം അവശേഷിക്കേ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പെട്ടെന്നെടുത്ത ഈ തീരുമാനത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. സബ്സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഹജ്ജ് യാത്രയിലെ വിമാനക്കമ്ബനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. കേവലം നാലുമണിക്കൂര്‍ മാത്രം യാത്രചെയ്താല്‍ എത്തുന്ന ജിദ്ദയിലേക്ക് എണ്‍പതിനായിരം രൂപ വരെ ഈടാക്കുന്നുണ്ട്. 19 മണിക്കൂര്‍ പറക്കേണ്ട അമേരിക്കന്‍ യാത്രക്ക് ഇത്രയും തുകവേണ്ട.വിശ്വാസികളെ കൊള്ളയടിക്കാന്‍ വിമാനകമ്ബനികളെ അനുവദിക്കരുത്.
ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള തുക മാറ്റിവയ്ക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം പൊള്ളത്തരമാണ്. മൗലാനാ ആസാദ് ഫൗണ്ടേഷന്റെ ഫണ്ട് ഉള്‍പ്പെടെ വെട്ടിക്കുറച്ചാണ് പുതിയ ഫണ്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയ പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികള്‍ക്ക് തുടര്‍ച്ച ഉണ്ടായില്ല. നിലവിലെ ഫണ്ട് പോലും ഉപയോഗിക്കാതെ ക്ഷേമപദ്ധതികള്‍ നിഷ്ക്രിയമായി ഇരിക്കുമ്ബോഴാണ് പുതിയ ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുന്നത്.