തിരുവനന്തപുരം • യൂത്ത് കോണ്‍ഗ്രസ് സമരക്കാര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ പദവിക്കു നിരക്കാത്തതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസുകാര്‍ വാടകക്കാരെ കൊണ്ടുവന്ന് ചാനലുകാരുമായി ചേര്‍ന്ന് ഉണ്ടാക്കിയ ഒത്തുകളിയാണെന്ന മുഖ്യമന്ത്രിയുടെ വാദം അപമാനകരമാണ്. ഒരു മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കുന്ന വാക്കുകളല്ല ഇന്നുണ്ടായത്. ഈ പരാമര്‍ശം സഭാനടപടികളില്‍നിന്നു നീക്കം ചെയ്യണമെന്നു സ്പീക്കറോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നടപടി പ്രതിപക്ഷം അംഗീകരിക്കില്ല. പാര്‍ട്ടി കമ്മിറ്റിയില്‍ പറയുന്ന രീതിയില്‍ പിണറായി സഭയില്‍ സംസാരിക്കാന്‍ പാടില്ല.തെരുവുഭാഷയാണ് സഭയില്‍ പിണറായി ഉപയോഗിച്ചത്. സമ്മേളനം തടസ്സപ്പെടുത്തണമെന്നു പ്രതിപക്ഷത്തിന് നിര്‍ബന്ധമില്ല. സ്വാശ്രയ മാനേജ്മെന്റുകളുമായി ചേര്‍ന്ന് വന്‍കൊള്ള നടത്തിയശേഷം പ്രതിപക്ഷം അതു സഭയില്‍ ഉന്നയിക്കുമ്ബോള്‍ പരിഹസിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരം വാടകയ്ക്ക് ആളെയെടുത്താണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് സഭയില്‍ ബഹളത്തിനിടയാക്കിയത്. പ്രതിപക്ഷം സഭയില്‍ നടത്തുന്ന പ്രതിഷേധം ചാനലുകളില്‍ കാണാന്‍ വേണ്ടി മാത്രമാണ്. രാവിലെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ചാനലുകള്‍ പോയിക്കഴിഞ്ഞപ്പോള്‍ അതെടുത്തു മാറ്റി. ചുവന്ന മഷി ഷര്‍ട്ടില്‍ പുരട്ടി അക്രമിച്ചുവെന്നു വരുത്താനാണ് യൂത്ത് കോണ്‍ഗ്രസ് ശ്രമമെന്നും പിണറായി സഭയില്‍ തുറന്നടിച്ചു. ഈ പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.