കരിങ്കൊടി കാണിച്ചത് പ്രവര്‍ത്തകര്‍ തന്നെയെന്ന് രമേശ് ചെന്നിത്തല

161

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സാശ്രയ സമരം പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സമരം ശക്തിപ്പെടുത്തിന്റെ ഭാഗമായി നടത്തിയ യുഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത് ചാനലുകള്‍ വാടകയ്ക്കെടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ വാദം ചെന്നിത്തല തള്ളിക്കളഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ബാലു, കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് റിങ്കു, അജിന്‍ ഷാ, ഹരി, സജീവ് എന്നീ പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.കരിങ്കൊടി കാണിക്കേണ്ടപ്പോള്‍ അത് ചെയ്യാന്‍ മടിക്കില്ലെന്നും അതിനുള്ള ആളില്ലാത്ത സംഘടനയല്ല യൂത്ത് കോണ്‍ഗ്രസെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ചാനലുകള്‍ക്ക് പ്രതിഷേധമില്ലെങ്കിലും തങ്ങള്‍ക്ക് പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരു കാലത്തുമില്ലാത്ത രീതിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. സമരത്തെ ചോരയില്‍ മുക്കി കൊല്ലുന്ന തീരുമാനമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിപക്ഷമാണ് ഇവിടെയുള്ളത്. ആരും ഓടു പൊളിച്ച്‌ വന്നവരല്ല. സമരപന്തലിലേക്ക് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കുന്നത് ഇത് ആദ്യമാണ്. കെപിസിസി പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ സമരപന്തലിലുള്ള സമയത്താണ് ഇത്. പോലീസ് വളരെ ബോധപൂര്‍വമാണ് അക്രമം അഴിച്ച്‌ വിട്ടത്. ചെന്നിത്തല ആരോപിച്ചു.സാശ്രയ ഫീസ് സംബന്ധിച്ച്‌ ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സീറ്റിന്റെ എണ്ണം കൂടിയിട്ടുണ്ടെന്നത് സത്യമാണെങ്കിലും മാനേജ്മെന്റുകള്‍ക്ക് കൊള്ളലാഭം നേടാനുള്ള സാഹചര്യമൊരുക്കിയപ്പോഴാണ് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

NO COMMENTS

LEAVE A REPLY