തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പൊലീസിനെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പൊലീസുകാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ പൊലീസിന് ട്യൂഷന്‍ ആവശ്യമാണെന്നാണ് ഡിജിപി പറയുന്നത്. ഈ സ്ഥിതിയിലേക്ക് പൊലീസിനെ എത്തിച്ചതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും ഡിജിപിക്കും ആണെന്നും, പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരേയും അവരുടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് നിയമസഭയില്‍ പറഞ്ഞ മന്ത്രി ബാലന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ സാധിക്കില്ല, ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് ബാലന്‍ പറഞ്ഞിരുന്നു, എന്നാല്‍ പിന്നിട് സിബിഐ അന്വേഷണം നടത്തിയില്ല, സംസ്ഥാനത്ത് നിയമവാഴ്ച അസാധ്യമാകുന്നു, അതുകൊണ്ടാണ് നിയമസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.