തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യാന്‍ പറ്റിയ വകുപ്പല്ല ആഭ്യന്തരമെന്ന്‍ ചെന്നിത്തല പറഞ്ഞു. ഇത് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വാരാപ്പുഴയിലെ ശ്രീജിത്തിനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോകുന്ന വഴി അടിവയറ്റില്‍ തൊഴിച്ചെന്നു ശ്രീജിത്തിന്റെ അമ്മ പറയുന്നു. കുടിക്കാന്‍ തുള്ളിവെള്ളം പോലും കൊടുക്കാതെ ആ ചെറുപ്പക്കാരനെ പോലീസ് തല്ലികൊല്ലുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ദളിത് ഹര്‍ത്താല്‍ പൊളിക്കാനായി ദളിത് സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യുക , മലപ്പുറത്ത് സാധാരണക്കാരുടെ തല തല്ലിപ്പൊളിക്കുക, കസ്‌റ്റഡിയിലെടുത്തവരെ മൃഗീയമായി തല്ലിക്കൊല്ലുക തുടങ്ങിയ പ്രവൃത്തികളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞദിവസം തുമ്ബോട് മുടിപ്പുര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒരു യുവാവിനെ പൊലീസ് മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതിന് തിരുവനന്തപുരം ഡിസിസി അംഗം കല്ലറ രാജീവിനെ ഉത്സവപ്പറമ്ബില്‍ ആളുകള്‍ നോക്കിനില്‍ക്കെ പാങ്ങോട് എസ്.ഐ. മൃഗീയമായി മര്‍ദ്ദിച്ചു.
ഇന്ന് വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താലില്‍ പോലീസ് നോക്കിനില്‍ക്കെ സമരക്കാര്‍ സാധാരണക്കാര്‍ക്ക് നേരെ അഴിഞ്ഞാടി. ദളിത് നേതാക്കന്മാരെ കരുതല്‍ തടങ്കലില്‍ വച്ച പോലീസ് ബിജെപിക്കാര്‍ക്ക് നേരെ കണ്ണടച്ചു. സാധാരണക്കാരെ അടിച്ചൊതുക്കാന്‍ ക്വട്ടെഷന്‍ എടുത്തപോലെയുള്ള പോലീസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ് മന്ത്രിക്ക് കഴിയുന്നില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.