തിരുവനന്തപുരം : പെരുമ്പാവൂരിൽ പട്ടാപ്പകല്‍ സ്വന്തം വീട്ടില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന് സുരക്ഷ ഉറപ്പാക്കാന്‍ അല്പം പോലും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തൊട്ടാകെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങൾ പല മടങ്ങ് വർദ്ധിച്ചെന്നും ചെന്നിത്തല പറഞ്ഞു.
മുന്‍പ് ജിഷ എന്ന പെണ്‍കുട്ടി കൊലപ്പെട്ടപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് ആ കൊലപാതകം ദുരുപയോഗപ്പെടുത്തുകയും ചെയ്തവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. തെരഞ്ഞെടുപ്പിന് പിണറായി വിജയൻ ഇനിയൊരു സ്ത്രീക്കും തലയണയ്ക്കടിയില്‍ വെട്ടു കത്തി വച്ചു കിടക്കേണ്ട സാഹചര്യമുണ്ടാവില്ല എന്നാണ് പ്രസംഗിച്ചു നടന്നത്. അതേ പിണറായി മുഖ്യമന്ത്രിയായിരിക്കെ ഇപ്പോൾ നടന്ന കൊലപാതകത്തെ പറ്റി എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കാസര്‍ഗോഡ് ജില്ലയിൽ രാത്രി മോഷ്ടാക്കള്‍ വീട്ടില്‍ കയറി റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയ സംഭവം ഈ അടുത്ത കാലത്താണ് നടന്നത്. ശേഷം കൊച്ചിയില്‍ മോഷ്ടാക്കള്‍ രാത്രിയില്‍ വീടുകള്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന്റെ പരമ്പര തന്നെ ഉണ്ടായി. സ്ത്രീകള്‍ക്കെന്നല്ല ആര്‍ക്കും സംസ്ഥാനത്ത് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ് വന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.