തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പകരം പ്രത്യേക അക്കൗണ്ട് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി ദുരിതാശ്വാസ നിധിയുടെ അവസ്ഥ പ്രളയ ദുരിതാശ്വാസനിധിക്ക് സംഭവിക്കരുതെന്ന് കരുതിയാണ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം ഇരുപത് വരെയുള്ള കണക്ക് പ്രകാരം 104 കോടിയിൽ നിന്ന് 25,14,40,000 രൂപ മാത്രമാണ് ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവാക്കിയിരിക്കുന്നത്. ബാക്കി തുക എന്ത് ചെയ്‌തുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ മൃതദേഹം കണ്ടെത്താത്തവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നൽകിയിട്ടില്ല. ദുരന്ത നിവാരണ സമിതി പുനഃസംഘടിപ്പിക്കുമെന്ന് പറഞ്ഞതും നടപ്പാക്കിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.