തിരുവനന്തപുരം : സംസ്ഥാനത്തുണ്ടായ പ്രളയത്തിന് പ്രധാന കാരണം ഡാമുകള്‍ തുറന്നു വിട്ടതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തെ നേരിടുന്നതിലുണ്ടായ വീഴ്ചകളെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രളയക്കെടുതി നേരിടുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പ് തികഞ്ഞ പരാജയമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നേരത്തെ വിളിക്കാമായിരുന്നു. എങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയെ മാറ്റിയിട്ട് അവിടെ സൈനിക നേതൃത്വത്തെ പ്രതിഷ്ഠിക്കണമെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടാണ് ഡാമുകള്‍ തുറന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. ഈ അലര്‍ട്ടുകള്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊരിടത്തും ജനങ്ങളറിഞ്ഞില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയക്കെടുതി സംബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ, കാലടി, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ മുന്നറിയിപ്പുണ്ടായില്ല. വയനാട്ടിലെ ബാണാസുര സാഗര്‍ മുന്നറിയിപ്പില്ലാതെ തുറന്നത് വീഴ്ചയാണെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്. ഡാമുകളുടെ മാനേജ്‌മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിന് കാരണം. ഭരണകൂടത്തിന് പറ്റിയ വീഴ്ചയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും പ്രളയ ദുരന്തത്തിന്റെ കാരണം കണ്ടെത്തിയില്ലെങ്കില്‍ വരും തലമുറ മാപ്പ് തരില്ലന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.