തിരുവനന്തപുരം : സംസ്ഥാനത്ത് അവതാരങ്ങള്‍ നിറഞ്ഞാടുന്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് വെറും നോക്കുകുത്തിയാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം മന്ത്രിമാര്‍ നടത്തുന്ന ബന്ധു നിയമനങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നും ഇക്കാര്യം അദ്ദേഹം തന്നെ തുറന്നു സമ്മതിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബന്ധുക്കളെയും അടുപ്പക്കാരെയും മതിയായ യോഗ്യതയില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ച ഇടതു സര്‍ക്കാരിന്റെ നടപടി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. മന്ത്രി ഇ.പി ജയരാജനെതിരെയാണ് ഇത്തരമൊരു ആരോപണം ശക്തമായി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ മന്ത്രിയുടെ മരുമകളെ പാചകക്കാരിയായി നിയമിച്ചത് ആരും മറന്നിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.ഇത്തരം ചട്ടലംഘന നിയമനങ്ങള്‍ മന്ത്രിമാരുടെ ഒത്താശയോടെ നടക്കുന്പോള് ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഭരണത്തില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയാതെ പോവുകയാണോ എന്നും അവതാരങ്ങള്‍ നിറഞ്ഞാടുന്പോള്‍ മുഖ്യമന്ത്രി നോക്കുകുത്തിയാകുന്നത് പരിതാപകരമാണെന്നും ചെന്നിത്തല പറഞ്ഞു.